
ആലപ്പുഴ : തന്നെ ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് പറഞ്ഞ ആലപ്പുഴയിലെ പെണ്‍കുട്ടിയുടെ പരാതി കള്ളക്കഥയെന്ന് തെളിഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയതിന് അമ്മ ചീത്ത പറഞ്ഞതിന് പിന്നാലെ വീടു വിട്ട പെണ്‍കുട്ടി തന്നെ ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് കഥ ഉണ്ടാക്കുകയായിരുന്നു.
തൂവാലകൊണ്ട് മുഖം മൂടിയ ആള് തന്നെ അബോധാവസ്ഥയിലാക്കി വാനില്‍ കയറ്റി തട്ടിക്കൊണ്ടു പോയെന്നായിരുന്നു കഥ. ബോധം തിരികെ കിട്ടിയപ്പോള്‍ തുറവൂര്‍ ജംക്ഷന് സമീപത്തായിരുന്നുവെന്നും അവിടെ വണ്ടിയില്‍ നിന്നും ഇറങ്ങിയോടി പോലീസില്‍ വിവരം അറിയിച്ചുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
പരാതി ലഭിച്ച പോലീസ് പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വന്ന് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍, അമ്മ വഴക്കു പറഞ്ഞതില്‍ മനം നൊന്ത് ബസില്‍ കലവൂരില്‍ എത്തിയ പെണ്‍കുട്ടി അവിടെ ഒരു പ്രാര്ത്ഥനാലയത്തിലെത്തി. അവിടെ ഒരു കന്യാസ്ത്രീയെ കാണാനുള്ള യാത്രയ്ക്കിടെ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ ആകെ വിഷമമായി. തുടര്‍ന്ന് കഥയുണ്ടാക്കി പോലീസില്‍ അറിയിക്കുകയായിരുന്നു. ഈ കുട്ടി ഉള്‍പ്പെടെ മൂന്ന് പെണ്മക്കളെ കൂലിപ്പണി ചെയ്താണ് അമ്മ വളര്‍ത്തിയിരുന്നത്.






