
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ഉന്നതരുടെ പങ്ക് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങുംമുമ്പേ വ്യക്തമായിരുന്നിട്ടും അവരെ കേസില്‍നിന്ന് ഊരിയെടുക്കാന്‍ അണിയറയില്‍ നടന്നത് വന്‍നീക്കം. കസ്റ്റഡിയിലെടുത്തതുമുതല്‍ രാജ്കുമാറിന്റെ മരണം വരെയുള്ള സംഭവവികാസങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയാമായിരുന്നുവെന്നാണ് ''മംഗള''ത്തിന്റെ അന്വേഷണത്തില്‍ വ്യക്തമായത്.
കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ മേലുേദ്യാഗസ്ഥര് ഇടപെട്ടു വിജനമായ സ്ഥലത്തോ ക്യാംപിലോ കൊണ്ടുപോയി നടത്തിയ മര്ദനത്തിലാവാം ഗുരുതര പരുക്കേറ്റത് എന്നാണു സംശയം. സംഭവസമയം അവധിയിലായിരുന്ന നെടുങ്കണ്ടം സി.ഐയെ കേസില്‍ കുടുക്കി തലയൂരാന്‍ ഉന്നതഉദ്യോഗസ്ഥന് ശ്രമിച്ചത് എറണാകുളം ഡി.ഐ.ജി: കാളിരാജ് പൊളിച്ചെന്നും വിവരം. കസ്റ്റഡിമരണക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടെങ്കിലും ഉത്തരവാദിത്തം എസ്.ഐയിലും പൊലീസുകാരിലും ഒതുക്കാനാണ് സേനയ്ക്കുള്ളില്‍ ശ്രമം നടന്നത്.
കോടികളുടെ സാമ്പത്തികത്തട്ടിപ്പുകേസില്‍ അറസ്റ്റിലായ രാജ്കുമാറിനെ അഞ്ചുദിവസം അനധികൃതമായി കസ്റ്റഡിയില്‍വച്ച് പീഡിപ്പിച്ചത് മേലുേദ്യാഗസ്ഥര് അറിയാതെയാണെന്ന് വരുത്തിത്തീര്‍ത്തതായി സൂചനയുണ്ട്. സി.ഐ. തലം വരെ കേസ് എത്തിച്ചശേഷം അന്വേഷണം അവസാനിപ്പിക്കാനായിരുന്നു ശ്രമം. തൊട്ടുമുകളിലുള്ള രണ്ടു ഡിെവെ.എസ്.പിമാരിലേക്കോ ജില്ലാ പോലീസ് മേധാവിയിലേക്കോ ഇതുവരെ അന്വേഷണം എത്തിയിട്ടില്ല. പക്ഷേ ഇവര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്നാണു സൂചന.
രാജ്കുമാറിനെ കസ്റ്റഡിയില്‍വാങ്ങിയ എസ്.ഐയും പൊലീസുകാരും പ്രതിയെ ആശുപത്രിയില്‍ ഹാജരാക്കിയില്ലെന്ന കുറ്റം മാത്രം ചുമത്തിയാല്‍ കേസില്‍നിന്ന് മേലുേദ്യാഗസ്ഥര്ക്ക് രക്ഷപ്പെടാനാവും. കുറ്റം എസ്.ഐയുടേതും പൊലീസുകാരുടേതും മാത്രമാകും. ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി എന്നു വ്യക്തമായെങ്കിലും പിടിച്ചുകൊടുത്ത നാട്ടുകാരുടെ മര്‍ദനമേറ്റാണ് രാജ്കുമാര് മരിച്ചതെന്നു വരുത്തിത്തീര്‍ക്കാനും ശ്രമം നടന്നു. നാട്ടുകാരില്‍നിന്ന് മര്‍ദനമേറ്റെങ്കിലും ഏറെയും ചതവും മറ്റുമായിരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന ഇരുപത്തിഒന്നിലേറെ പരുക്കുകളില്‍ ആദ്യ 14 എണ്ണം സാരമുള്ളതല്ല. 15 മുതല്‍ 21 വരെയുള്ള പരുക്കുകള്‍ ശരീരത്തിന്റെ അടിഭാഗത്താണ്. 18 മുതല്‍ 21 വരെയുള്ള പരുക്കുകള്‍ ഗുരുതരവും കാല്‍വെള്ളയില്‍ ചൂരല്‍പ്രയോഗവും ഉരുട്ടലും മൂലമുണ്ടായതുമാണ്. ഇതു സ്റ്റേഷനില്‍ വച്ചുണ്ടായതല്ല. മേലുേദ്യാഗസ്ഥര് ഇടപെട്ടു വിജനമായ സ്ഥലത്തോ ക്യാംപിലോ രാജ്കുമാറിനെ കൊണ്ടുപോയി ചെയ്തതാവാം. എന്നാല്‍ ഈ ദിശയിലേക്ക് ഇതുവരെ അന്വേഷണം പോയിട്ടില്ല.
നെടുങ്കണ്ടം സ്റ്റേഷന് ഹൗസ് ഓഫീസര്‍ റെജി എം. കുന്നിപ്പറമ്പന് അവധിയിലായിരുന്നതിനാല്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ. സാബുവിനായിരുന്നു സംഭവസമയം സ്റ്റേഷന് ചുമതല. എന്നിട്ടും റെജിയെ കേസില്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ ഭാഗത്തുനിന്നു നീക്കമുണ്ടായി. അദ്ദേഹം മേലുേദ്യാഗസ്ഥരെ ധരിപ്പിച്ചത് റെജിക്കും സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നാണ്. അതേസമയം കട്ടപ്പന ഡിെവെ.എസ്.പി, ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ്.പി എന്നിവരുടെ പിഴവിനെക്കുറിച്ച് മിണ്ടാട്ടമില്ല. ഡ്യൂട്ടിയിലായിരുന്നിട്ടും കട്ടപ്പന ഡിെവെ.എസ്.പി ഓഫീസില്‍ വരാതെയാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെന്നു മേലുേദ്യാഗസ്ഥര് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇദ്ദേഹം എറണാകുളത്തായിരുന്നുവെന്ന് വരുത്തിത്തീര്ക്കാനാണിപ്പോള് ശ്രമം. അന്വേഷണം മുകളിലേയ്ക്ക് നീണ്ടാല്‍ ഇതു കൃത്യവിലോപമായി ചൂണ്ടിക്കാട്ടി ചെറിയ ശിക്ഷവാങ്ങി ഒഴിവാക്കിയെടുക്കാനാണ് നീക്കം.
സ്പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ്.പിയും സംഭവസമയം നാലുദിവസം അവധിയിലായിരുന്നത്രെ. അതിനു രണ്ടുദിവസം മുമ്പ് ഡ്യൂട്ടിയിലായിരുന്നെങ്കിലും ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിയതുമില്ല. പക്ഷേ സ്പെഷ്യല്‍ ബ്രാഞ്ചിലെ കീഴുേദ്യാഗസ്ഥര് കാര്യങ്ങള്‍ കൃത്യമായി ഇദ്ദേഹത്തെ ധരിപ്പിച്ചിരുന്നു എന്നതിനു രേഖകളുണ്ട്. എന്നാല്‍ താനൊന്നും അറിഞ്ഞിട്ടില്ലെന്നാണ് ഇദ്ദേഹവും മേലുേദ്യാഗസ്ഥരെ ധരിപ്പിച്ചത്. ഇവര്‍ അവധിയിലോ അദര്‍ ഡ്യൂട്ടിയിലോ ആയിരുന്നുവെന്ന് അംഗീകരിച്ചാല്‍ ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിയിലെത്തും. ഈ ഉദ്യോഗസ്ഥര്‍ക്കു പകരമുള്ള സംവിധാനമൊന്നും അന്നത്തെ ജില്ലാ പോലീസ് മേധാവി ഏര്‍പ്പെടുത്തിയിരുന്നില്ല. ജില്ലയില്‍ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള മൂന്ന് സീനിയര്‍ ഉദ്യോഗസ്ഥന്മാര് അവധിയില്‍ പോയത് തന്റെ അറിവോടെയല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ എസ്.പി.
കസ്റ്റഡിമരണങ്ങളുടെ ഉത്തരവാദിത്തം എല്ലായ്പ്പോഴും ചെന്നുനില്ക്കുന്നത് കീഴുേദ്യാഗസ്ഥരിലാണെന്ന് മുന്കാലസാക്ഷ്യങ്ങള്. എല്ലാത്തിനും ഉത്തരവിട്ട ഉന്നതര്‍ ഒത്തുകളിച്ചു രക്ഷപ്പെടുകയും ചെയ്യും. തിരുവനന്തപുരത്തെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. സ്റ്റേഷനില്‍ ഉണ്ടായിപ്പോയിയെന്ന കുറ്റത്തിന് അന്നത്തെ എസ്.ഐ. അജിത്തിന്റെ സര്‍വീസ് ജീവിതവും മേലുദ്യോഗസ്ഥര്‍ തുലച്ചു.






