
ചെന്നൈ: ഏഴു വയസ്സുകാരന്റെ വായില്‍ നിന്ന് ഡോക്ടര്‍ പുറത്തെടുത്തത് 527 പല്ലുകള്‍. തമിഴ്നാട് സ്വദേശി രവീന്ദ്രനാഥ് ആണ് പല്ലുകളുടെ കാര്യത്തില്‍ സമ്പന്നന്. കുട്ടിയുടെ വലതു കവില് അസാധാരണമായി വീര്‍ത്തിരിക്കുന്നതിന്റെ കാരണം തേടിയാണ് മാതാപിതാക്കള്‍ രവീന്ദ്രനാഥിനെ സവീത ഡെന്റല്‍ കോളജില്‍ എത്തിച്ചത്. പല്ലുകേടുവന്നതാവാം കാരണമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പല്ലുകളുടെ കൂമ്പാരം കണ്ടെത്തിയത്.
താടിയെല്ലിനോട് ചേര്‍ന്നായിരുന്നു പല്ലുകളില്‍ ഏറെയും. അധികവും പുറത്തുകാണാന്‍ പറ്റാത്ത വിധത്തില്‍. ഏറെ ക്ഷമയോടെ നടത്തിയ ശസ്ത്രക്രിയയിലാണ് പല്ലുകള്‍ പുറത്തെടുത്തത്. ഈ പ്രായത്തില്‍ സാധാരണനിലയില്‍ ആവശ്യമായ 21 പല്ലുകള്‍ വായില്‍ നിലനിര്‍ത്തുകയും ചെയ്തു.
ചികിത്സയുമായി കുട്ടി സഹകരിക്കാന്‍ വിസമ്മതിച്ചതാണ് പല്ലുകള്‍ നീക്കാന്‍ ഇത്രയും നാള് നീണ്ടുപോയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാതാപിതാക്കളെ കാര്യങ്ങള്‍ ഏതാനും മിനിറ്റുകള്‍ക്കുള്ള ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ കുട്ടിയെ പറഞ്ഞ മനസ്സിലാക്കാന്‍ ഡോക്ടര്‍മാരും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളും മണിക്കൂറുകളോളം മെനക്കെടേണ്ടിവന്നു.
ഒടുവില്‍ അവന് വഴങ്ങി. അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പല്ലുകള്‍ പുറത്തെടുത്തത്. വേദനയില്‍നിന്നും മുക്തനായതോടെ തന്റെ വീര്‍ത്ത താടിയെല്ലുകള്‍ തടവിക്കൊണ്ട് അവന് ഇന്ന് മാധ്യമങ്ങളുടെ കാമറ നോക്കി നിഷ്കളങ്കമായി ചിരിച്ചു.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ പല്ലുകള്‍ വളരുന്നതെന്ന ചോദ്യത്തിന് ഡോക്ടര്‍മാര്‍ക്കും കൃത്യമായ മറുപടിയില്ല. മൊബൈല്‍ ടവര്‍ അടക്കമുള്ളവയുടെ റേഡിയേഷനും ജനിതക പ്രശ്നങ്ങളുമാകാം കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
രവീന്ദ്രനാഥിന് മൂന്നു വയസ്സുള്ളപ്പോള്‍ വലതുകവിളില്‍ നീര് കെട്ടിയപോലെ കണ്ടിരുന്നു. സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഡോക്ടറുടെ മുന്നിലിരിക്കാന്‍ അവന് തയ്യാറായിരുന്നില്ല. എന്നാല്‍ കവിള്‍ത്തടം കൂടുതല്‍ വീര്‍ത്തുവന്നതോടെ പിതാവ് എസ്.പ്രഭുദോസ് അവനെ സവീത ഡെന്റല്‍ കോളജില്‍ കൊണ്ടുവന്നു. ഇവിടെ എക്സ്-റേ, സി.ടി സ്കാന്‍ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതോടെ നിരവധി കുഞ്ഞുപല്ലുകള്‍ അവന്റെ താടിയ്ക്കുള്ളില്‍ വളര്‍ന്നുവരുന്നത് കണ്ടെത്തിയത്. കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തി ഈ മാസം 11ന് ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
ശസ്ത്രക്രിയ അല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. എല്ലുകള്‍ പൊട്ടിക്കുകയോ താടിയില്‍ വലിയ ദ്വാരം ഇടുകയോ ചെയ്തില്ല. പകരം താടിയെല്ലില്‍ ഡ്രില്‍ ചെയ്ത് കുഞ്ഞുപല്ലുള് ഓരോന്നായി പുറത്തെടുത്തു. ആവശ്യമുള്ള നല്ല പല്ലുകള്‍ മാത്രം നിലനിര്‍ത്തുകയാണ് ചെയ്തതെന്ന് ഡോ. സെന്തില്‍നാഥന്‍ പറയുന്നു.
ഇത്രയധികം പല്ലുകള്‍ ഇതാദ്യമായാണ് കാണുന്നതെന്ന് ഡോ.പ്രതിഭ രമണി പറയുന്നു. 2014ല്‍ മുംബൈയില്‍ ഒരു കൗമാരക്കാരന്റെ വായില്‍ നിന്ന് 232 പല്ലുകള്‍ നീക്കം ചെയ്തിരുന്നു. മൊബൈല്‍ ടവറുകളുടെ സാന്നിധ്യം മനുഷ്യരില്‍ പല ജനിതക മാറ്റങ്ങളും കൊണ്ടുവരുന്നുണ്ട്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ മൊബൈല്‍ ടറവുകള്ക്ക് അടുത്തു താമസിക്കുന്ന 250 പേരില്‍ 10% പേരിലും മൈക്രോന്യൂ€ി വ്യതിയാനങ്ങള്‍ പ്രകടമാണ്. സെല്ലുകളുടെ അനിയന്ത്രിതമായ വളര്‍ച്ചയും രോഗങ്ങളും ഇതിന്റെ ഫലമാണെന്ന് ഡോ. പ്രതിഭ രമണി പറഞ്ഞു.
രവീന്ദ്രനാഥിന്റെ ചികിത്സ തികച്ചും സൗജന്യമായാണ് നല്‍കിയതെന്ന് ആശുപത്രിയുടെ സ്ഥാപക ചെയര്മാന് എന്‍.എം വീരയ്യന് പറഞ്ഞു.






