
ചെന്നൈ: മുത്തലാഖ് ബില്ലിനെ ചൊല്ലി തമിഴ്നാട്ടിലെ ബി.ജെ.പി-എ.ഐ.ഡി.എം.കെ സഖ്യത്തില്‍ പോര്. ബില്ലിനെ എതിര്‍ത്ത് രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയ എ.ഐ.ഡി.എം.കെയുടെ നടപടി സഖ്യമര്യാദയ്ക്ക് വിരുദ്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു. മുത്തലാഖ് ബില്ല് വോട്ടിനിട്ട ഘട്ടത്തിലാണ് എ.ഐ.ഡി.എം.കെ എം.പിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങി പോയത്.
ലോക്സഭയില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് എ.ഐഡി.എം.കെ. സഖ്യത്തിന്റെ മര്യാദ മറന്ന് എ.ഐ.ഡി.എം.കെ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വെല്ലൂരില്‍ ന്യൂനപക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് ബി.ജെ.പി പറയുന്നത്. ഇതിനായി എ.ഐ.ഡി.എം.കെ രാഷ്ടീയ ധാരണ മറന്നെന്നും ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദര്രാജന് വിമര്‍ശിച്ചു.
ഇന്നലെയാണ് കടുത്ത എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ച് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് ബില്‍ രാജ്യ സഭയില്‍ പാസാക്കിയത്. എളമരം കരീം, ദിഗ് വിജയ് സിംഗ് എന്നിവര്‍ കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങളാണ് തള്ളിയത്. ബില്ലിനെതിരെയുള്ള ഭേദഗതി നിര്‍ദേശങ്ങള്‍ 84 നെതിരെ 100 വോട്ടുകള്‍ക്കാണ് രാജ്യസഭ തള്ളിയത്.






