
ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കശ്മീരില്‍ തങ്ങുന്ന തീര്‍ഥാടകരും വിനോദ സഞ്ചാരികളും ഉടന്‍ താഴ്വര വിടാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയെകുറിച്ച് രഹസ്യാന്വേഷണ വിഭാഗം നല്കി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ബോംബാക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഉന്നത സൈനിക പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയത്. തീര്‍ത്ഥാടകരുടെ പാതയില്‍ സ്ഫോടക വസ്തുക്കള്‍ വച്ച് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് ലഫ്റ്റനന്റ് ജനറല്‍ കെജെഎസ് ദില്ലണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരക്ഷാസേന മേഖലയില്‍ പതിവ് പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധനയ്ക്കിടെ സുരക്ഷാസേന പാകിസ്താനിലെ ഫാക്ടറിയില്‍ നിിര്മ്മിച്ചതെന്ന് കരുതുന്ന ഒരു കുഴിബോംബും അമേരിക്കന്‍ സ്നൈപ്പര്‍ റൈഫിള്‍ എം-24 ഉം പിടിച്ചെടുത്തിരുന്നുവെന്ന് ലഫ്.ജനറല്‍ ദില്ലണ്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാത്രി സുരക്ഷാസേനയ്ക്ക് ആക്രമണത്തിന് ശ്രമം നടന്ന ഷോപിയാനിലും പരിശോധന തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ജമ്മു റൂട്ടിലുള്ള അമര്‍നാഥ് യാത്ര ഈ മാസം നാലു വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.






