
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീണ്ടും അനാസ്ഥ. ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചതും രക്തം ശേഖരിക്കാതിരുന്നതും അടക്കം പോലീസിന്റെ ഭാഗത്ത് നിന്നും വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
അപകടം നടന്ന് ഉടന്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. ഫോറന്‍സിക്ക് സംഘം വരുന്നതിനു മുന്‍പ് റിക്കവറി വാഹനം ഉപയോഗിച്ച് വണ്ടി സംഭവസ്ഥലത്തു നിന്നും മാറ്റി. രക്തം ശേഖരിക്കാന്‍ ഒന്‍പത് മണിക്കൂര്‍ വൈകിയിരുന്നു. അതോടെ മദ്യം ശശീരത്തില്‍ എത്രനേരം നില്‍ക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും കൊഴുക്കുകയാണ്. കുടിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ചാണ് അത് ശരീരത്തില്‍ നിലനില്‍ക്കുകയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എത്രത്തോളം മദ്യപിച്ചിട്ടുണ്ടെങ്കിലും സമയം കൂടുംതോറും രക്തത്തിലെ മദ്യത്തിന്റെ അളവ് ദുര്‍ബലപ്പെടുകയും തീരെ ഇല്ലാതാവുകയും ചെയ്യും.
സംഭവസ്ഥലത്തു നിന്നും പോലീസ് ആദ്യം ദൃക്സാക്ഷികളുടെ മൊഴി എടുക്കുന്നത് അവഗണിച്ചിരുന്നു. നിലവില്‍ ശ്രീറാമിന്റെ വിരലടയാളം രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ശ്രീറാമിന്റെ ഒരു കൈയ്യില്‍ ഡ്രിപ്പും മറ്റേതില്‍ മുറിവും ആയതിനാലെന്നാണ് വിശദീകരണം. കൂടാതെ എഫ്.ഐ.ആര് രേഖപ്പെടുത്തിയിരുന്നില്ല.
അതേസമയം രക്തസാമ്പിളെടുക്കാതെ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ രക്ഷപെടുത്താന്‍ മ്യൂസിയം പോലീസ് ശ്രമിച്ചെന്ന പരാതിയില്‍ സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു.
മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം എടുത്ത കേസുകളില്‍ ചുരുങ്ങിയത് മുപ്പത് ദിവസമെങ്കിലും ജയിലില്‍ കിടന്നാല്‍ മാത്രമേ ശ്രീറാമിന് ജാമ്യം കിട്ടൂ എന്നാണ് നിയമവിദഗ്ദ്ധര്‍ നല്കുന്ന സൂചന. അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീറാമിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
അപകടസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വാഹന ഉടമയും സംഭവത്തിലെ പ്രധാന സാക്ഷിയുമായ വഫ റിയാസിന്റെ മൊഴിയാണ് ശ്രീറാമിന് കുരുക്കായത്. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് വഫ കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്നാണ് സൂചന. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നും വഞ്ചിയൂര്‍ കോടതിയിലെത്തിച്ച വഫ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അഞ്ചിലാണ് അഞ്ച് പേജുള്ള രഹസ്യമൊഴി വഫ നല്‍കിയത്.






