
റിമാന്‍ഡ് പ്രതി ശ്രീറാം വെങ്കിട്ടരാമനെ സബ്ജയിലിലേക്ക് മാറ്റുന്നു. ആശുപത്രിവാസം ആവശ്യമില്ലെന്ന മജിസ്ട്രേറ്റിന്റെ ഉത്തരവനെ തുടര്‍ന്നാണ് നടപടി. സ്വകാര്യ ആശുപത്രിയായ കിംസില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. ആംബുലന്‍സില്‍ കയറി മജസ്ട്രേറ്റ് ശ്രീറാമിനെ കണ്ടു.
ആഢംബര സൗകര്യങ്ങളോടെ, അച്ഛന്റെയും ബന്ധുക്കളുടെയും ഒപ്പമാണ് റിമാന്‍ഡിലായിരുന്നിട്ടും ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. ശ്രീറാമിന്റെ വാട്സാപ്പ് നമ്പര്‍ പലപ്പോഴും ഓണ്‍ലൈനിലുമാണ്. എന്താണ് ശ്രീറാമിന്റെ ആരോഗ്യപ്രശ്നമെന്ന് പോലീസോ ആശുപത്രി അധികൃതരോ വ്യക്തമാക്കിയിരുന്നില്ല.
സ്ട്രച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്. മുഖത്ത് മാസ്ക് ഇട്ടിരുന്നു. ശ്രീറാം കണ്ണടച്ച് കിടക്കുകയായിരുന്നു. എന്നാല്‍ കൈയ്ക്കും കാലിനും ഒടിവ് ഇല്ലെന്നാണ് ഇതുവരെ ഡോക്ടര്‍മാര്‍ നല്കിയ വിവരം. ഇടിച്ചതിന്റെ പരിക്കുകളാണുള്ളത്. വലിയ പരിക്കുകളില്ലെന്നാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും വിശദീകരിച്ചിരുന്നു.
അപകടമുണ്ടായ ശേഷം, തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്കാണ് റഫര്‍ ചെയ്തത്. എന്നാല്‍ ശ്രീറാം ഇത് കേള്‍ക്കാതെ സ്വകാര്യ ആശുപത്രിയായ കിംസിലേക്കാണ് പോയത്. സുഹൃത്തുക്കളായ ഡോക്ടര്‍മാരുടെ സംഘം ശ്രീറാമിനൊപ്പമുണ്ടായിരുന്നു കിംസില്‍ എന്നാണ് വിവരം.
ഇന്നലെ ശ്രീറാമിന്റെ വിരലടയാളം എടുക്കാന്‍ പോലും പോലീസിനെ ഡോക്ടര്‍ അനുവദിച്ചിരുന്നില്ല. ഒരു കൈയില്‍ മുറിവും മറ്റേ കയ്യില്‍ ഡ്രിപ്പുമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. ഇത് പോലീസ് അനുസരിക്കുകയും ചെയ്തു. ഫൊറന്‍സിക് വിദഗ്ധര്‍ കാറോടിച്ചയാളുടെ വിരലടയാളം എടുത്തിരുന്നു. ഇത് ഒത്തുനോക്കാന്‍ പോലും പോലീസിന് കഴിഞ്ഞിരുന്നില്ല.






