
തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്, എസ് ഐയ്ക്കും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും വീഴ്ച. ശ്രീറാം വെങ്കിട്ടരാമനെ ജയില്‍ സെല്ലില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ ശ്രീറാം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐസിയുവിലാണ്. മെഡിക്കല്‍ കോളേജിലും സുഖവാസം. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ നാലുമണിക്കൂര്‍ വൈകി. മ്യൂസിയം എസ്.ഐ വീഴ്ച വരുത്തിയെന്ന് സ്പെഷ്യല്‍ ബ്രാന്‍ഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശ്രീറാം വെങ്കിട്ട രാമനെ ആദ്യം സര്‍ജിക്കല്‍ ഐ.സി.യുവിലേക്കാണ് മാറ്റിയത്. ഇന്ന് രാവിലെ ഐ.സി.യുവില്‍ നിന്നും മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. ശ്രീറാമിന് ആന്തരിക രക്തസ്രാവവും ഛര്‍ദിയും ഉണ്ടെന്നും കൂടുതല്‍ പരിശോദന വേണമെന്നുമുള്ളതിനാലാണ് നടപടിയെന്നുമുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ന് സസ്പെന്ഷന് ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന. റിമാന്‍ഡിലായ ഉദ്യോഗസ്ഥനെ സര്‍വ്വീസ് ചട്ടമനുസരിച്ച 48 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണമെന്നാണ്. എന്നാല്‍ ശ്രീറാമിനെതിരായ നടപടി വൈകിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി വൈകിപ്പിച്ചത്. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്ന് അപകടം നടന്ന ശേഷം തുടര്‍ച്ചയായി രണ്ട് ദിവസവും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
അതേസമയം ശ്രീറാമിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് വകുപ്പുകള്‍ ദുര്ബലാക്കുന്നത്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലമെന്നാണ് വിവരം. സാംപിള്‍ ശേഖരിക്കാന്‍ വൈകിയതാണ് മദ്യത്തിന്റെ അംശം ഇല്ലാതിരിക്കാന്‍ കാരണം. അപകടം ഉണ്ടായി ഒന്‍പത് മണിക്കൂറിന് ശേഷം മാത്രമായിരുന്നു സാംപിള്‍ എടുത്തത്.
അപകടസ്ഥലത്തെത്തിയ പോലീസ് ശ്രീറാമിനെ ആദ്യം വൈദ്യ പരിശോധനയ്ക്ക് വിദേയമാക്കിയില്ല. ഒടുവില്‍ ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു സാംപിള്‍ എടുത്തത്. ആദ്യം ദുര്‍ബലമായ എഫ്.ഐആറിന് പകരം കടുത്ത സമ്മര്‍ദ്ദം മൂലം ഒടുവില്‍ ഐ.പി.സി 304, പാര്‍ട്ട് 2 എന്ന കടുത്ത വകുപ്പാണ് ശ്രീറാമിന് മേല്‍ ചുമത്തിയത്.






