
തിരുവനന്തപുരം: ഡിഗ്രിയ്ക്ക് സപ്ലികളെഴുതി തഴമ്പിച്ച യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസ് പ്രതിയ്ക്ക് പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കിട്ടിയ സംഭവത്തില്‍ പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. 2018 ജൂണ്‍ 22 ന് നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരം പരിശോധിക്കുമെന്ന് പിഎസ്സി ചെയര്മാന് എം കെ സക്കീര്‍ അറിയിച്ചു. ഇക്കാര്യം സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടുവെന്ന് എം കെ സക്കീര്‍ വ്യക്തമാക്കി.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിയമന ഉത്തരവ് അയക്കില്ലെന്നും പൊലീസ് കേസിന് ശുപാര്‍ശ ചെയ്തെന്നും ചെയര്മാന് പറഞ്ഞു. അന്വേഷണം സത്യസന്ധമായിട്ടാണ് നടത്തിയതെന്നും പിഎസ്സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും എം കെ സക്കീര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിന്റെ ഭാഗമായി, ആരോപണ വിധേയര്ക്കൊപ്പം പരീക്ഷയെഴുതിയ 22 പേരുടെയും മേല്‍നോട്ടം വഹിച്ചവരുടെയും മൊഴിയെടുത്തു. ക്രമക്കേട് ഇല്ലെന്നായിരുന്നു പരീക്ഷാ ഇന്‍വിജിലേറ്ററുടെ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചു. പല നമ്പറുകളില്‍ നിന്നും പ്രതികള്‍ക്ക് എസ്എംഎസുകള്‍ വന്നിട്ടുണ്ട്.






