
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ രണ്ട് തവണ ദേശീയഗാനം ആലപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇത് ഒരു "പുതിയ യുഗത്തിന്റെ തുടക്കം" ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
തമിഴ്നാട്ടിൽ പതിവായി സഭ ആരംഭിക്കുമ്പോൾ തമിഴ്ത്തായ് വാഴ്ത്തും സമാപനത്തിൽ ദേശീയഗാനവും ആലപിക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാൽ ഇന്ന് സമ്മേളനത്തിന്റെ തുടക്കത്തിൽ തമിഴ്ത്തായ് വാഴ്ത്തിനൊപ്പം ദേശീയഗാനവും ആലപിച്ചു. തുടർന്ന് സഭ അവസാനിപ്പിച്ചതും ദേശീയഗാനത്തോടെയായിരുന്നു.
ജനാധിപത്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്ന നിലപാടാണിതെന്ന് രാജ്ഭവൻ പ്രതികരിച്ചു. രാജ്ഭവനും സംസ്ഥാന സർക്കാരും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തുടക്കമാണിതെന്നും ഗവർണർ പറഞ്ഞു.
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗവർണറുടെ പ്രസംഗം യാതൊരു തടസ്സവുമില്ലാതെ നിയമസഭയിൽ മുഴുവനായും വായിച്ചതിൽ തനിക്ക് അതിയായ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തിന്റെ തുടക്കത്തിലും ഗവർണറുടെ പ്രസംഗത്തിന് ശേഷവും ദേശീയഗാനം ആലപിച്ചതോടെ തമിഴ്നാട് നിയമസഭയിൽ ഒരു പുതിയ യുഗത്തിന്റെ ഉദയമാണെന്ന് ജനങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞു.






