സെഞ്ചുറിയോടെ കോഹ്ലി നയിച്ചു: വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയവും പരമ്പരയും
സെഞ്ചുറിയോടെ കോഹ്ലി നയിച്ചു: വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയവും പരമ്പരയും
Authored by Web Desk | Last updated: 15 Aug 2019, 7:58 AM | 1 min read
പോര്‍ട് ഓഫ് സ്പെയ്ന്‍: വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ആറു വിക്കറ്റ് വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. മഴയെ തുടര്‍ന്ന് 35 ഓവറുകളാക്കി മത്സരം ചുരുക്കിയപ്പോള്‍ 'ഗെയ്ലാ'ട്ടത്തില്‍(41 പന്തില്‍ 72 റണ്‍സ്) വിന്‍ഡീസ് 241 റണ്‍സാണ് വിജയലക്ഷ്യം ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മഴനിയമപ്രകാരം 35 ഓവറില്‍ 255 റണ്‍സാണ് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഇന്ത്യ 32.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ( 99 പന്തില്‍ 14 ബൗണ്ടറിയോടെ പുറത്താകാതെ 114) മിന്നും സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് വിജയവും പരമ്പരയും സമ്മാനിച്ചത്. 43-ാം സെഞ്ചുറിയാണ് പോര്‍ട് ഓഫ് സ്പെയ്നില്‍ കോഹ്ലി നേടിയത്.മൂന്നു മത്സരങ്ങളുള്ള പരമ്പര 2-0 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദി സിരീസും കോഹ്ലിയാണ്.
ഇന്ത്യയ്ക്കെതിരായ അവസാന ഏകദിനം ക്രിസ് ഗെയിലിന്റെ അവസാന രാജ്യാന്തര മത്സരമാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 72 റണ്‍സോടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ ഗെയ്ലിനെ ഇന്ത്യന്‍ താരങ്ങള്‍ നല്കിയ യാത്രയയപ്പും അഭ്യൂഹം യര്‍ത്തി. സഹ ഓപ്പണര്‍ എവിന്‍ ലെവിസിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ഗെയ്ല് കളം വിട്ടത്. 12-ാം ഓവറില്‍ ഖലീല്‍ അഹ്മ്മദിന്റെ പന്തില്‍ കോഹ്ലിക്ക് ഉജ്ജ്വല ക്യാച്ച് നല്‍കിയാണ് ഗെയ്ല് പുറത്തായത്. എവിന്‍ ലെവിസ് 29 പന്തില്‍ 43 റണ്‍സും, നിക്കോളാസ് പൂരാന് 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഖലീല്‍ അഹ്മ്മദ് മൂന്നു വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും, യൂസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യയ്ക്കായി 65 റണ്‍സോടെ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും കോഹ്ലിക്ക് മികച്ച പിന്തുണ നല്കി. 10 റണ്‍സെടുത്ത് നില്‍ക്കെ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ റണ്‍ ഔട്ടിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായതോടെ ശിഖര്‍ ധവാന്( 36 പന്തില്‍ 36 റണ്‍സ്) -കോഹ്ലി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം ഒരുക്കിയത്. ധവാന് മടങ്ങിയതിനു പിന്നാലെ ഋഷഭ് പന്തും സംപൂജ്യനായി മടങ്ങി. തുടര്‍ന്നാണ് ശ്രേയസ് അയ്യര്‍- കോഹ്ലിക്കു മികച്ച പിന്തുണ നല്‍കിയത്. കേദാര്‍ ജാദവ് 19 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.