
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേയ്ക്കുള്ള താര് എക്സ്പ്രസ് ഇന്ത്യ റദ്ദാക്കി. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം മോശമായ സാഹചര്യത്തിലാണ് താര് എക്സ്പ്രസ് റദ്ദാക്കിയത്. ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയ വിവരം നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേസ് ആണ് അറിയിച്ചത്.
ജോധ്പൂരിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസ് പാക്കിസ്ഥാന് നേരത്തെ റദ്ദാക്കിയിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പാക്കിസ്ഥാന് തരംതാഴ്ത്തിയതിന് പിന്നാലെ ഇന്ത്യയിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസ് ഇനി ഉണ്ടാകില്ലെന്ന് പാക്കിസ്ഥാന് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മ്മദ് ഓഗസ്റ്റ് ഒമ്പതിന് ഇസ്ലാമാബാദില് പ്രഖ്യാപിച്ചിരുന്നു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ താര് എക്സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. 45 പേര് മാത്രമാണ് പാക്കിസ്ഥാനിലേയ്ക്കുളള തീവണ്ടിയില്‍ നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള്തെന്നും നോര്‍ത്ത് വെസ്റ്റ് റെയില്‍വേസ് ചീഫ് പബ്ലിക് റിഷേലന് ഓഫീസര്‍ അഭയ് ശര്‍മ്മ വ്യക്തമാക്കി. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം അനുഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് പിന്നാലെ ഉഭയകക്ഷി വ്യാപാരവും പാക്കിസ്ഥാന് നിര്‍ത്തിവെച്ചിരുന്നു.






