
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ച സംഭവത്തില്‍ പ്രാദേശിക നേതാവ് ഓമനക്കുട്ടന്റെ സസ്പെന്ഷന് സിപിഎം പിന്‍വലിച്ചു. ക്യാമ്പിലെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് പണം പിരിച്ചതെങ്കിലും പിരിവ് നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്ന് സിപിഎം ആലപ്പുഴ ജില്ല നേതൃത്വം നിരീക്ഷിച്ചു. ദുരിതാശ്വാസ ക്യാമ്പിലെ കുറവുകള്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ മതിയാരുന്നു. എന്നാല്‍ ഓമനക്കുട്ടല് ഖേദം പ്രകടിപ്പിച്ചതിനാല്‍ സസ്പെന്ഷന് പിന്‍വലിക്കുകയാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ചേര്‍ത്തല തെക്കു പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണം പിരിച്ച കുറുപ്പന് കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടനെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്. സംഭവം വിവാദമായതോടെ ചേര്‍ത്തല തഹസില്‍ദാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഓമനക്കുട്ടന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് നടപടി പിന്‍വലിച്ചു.
ആരോപണം ഉയര്‍ന്നതോടെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് ഓമനക്കുട്ടനെ സസ്പെന്റു ചെയ്യുകയായിരുന്നു.എന്നാല്‍ പിരിവ് നടത്തിയതില്‍ ഓമനക്കുട്ടനെ ന്യായീകരിച്ച് ക്യാംപിലെ അംഗങ്ങളും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനം അയക്കുകയും ചെയ്തിരുന്നു. ഓമനക്കുട്ടനെ ന്യായീകരിച്ച് റീബില്‍ഡ് കേരള സി.ഇ.ഒയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.വേണു വാസുദേവനും രംഗത്തെത്തി. അദ്ദേഹം ചെയ്തത് മനുഷ്യത്വപരമായ നടപടി മാത്രമാണെന്നും അദ്ദേഹത്തോട് മാപ്പുചോദിക്കുന്നതായും ഡോ.വേണു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അദ്ദേഹത്തിനെതിരെ റവന്യൂ വകുപ്പ് പോലീസിന് നല്കിയ പരാതി പിന്‍വലിക്കുമെന്നും ഡോ. വേണു അറിയിച്ചു.
തന്റെ സത്യസന്ധത സര്‍ക്കാരും പാര്‍ട്ടിയും തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഓമനക്കുട്ടന് പ്രതികരിച്ചു. താന്‍ സി.പി.എമ്മിന്റെ അംഗമായതിനാല്‍ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് ചിലര്‍ ആ വീഡിയോ ഉപയോഗിച്ചത്. സി.പി.എം അംഗമായതുകൊണ്ടാണ് ആരോപണം വന്നയുടന്‍ തനിക്കെതിരെ നടപടി വന്നത്. എന്നാല്‍ തന്റെ നിലപാട് സുതാര്യവും സത്യസന്ധവുമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ ആരോപണങ്ങളുടെ എല്ലാം മുനയൊടിഞ്ഞു. ഇനിയുള്ള കാലവും സത്യസന്ധമായി തന്നെ പ്രവര്‍ത്തിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഈ ക്യാംപിലേക്ക് അധികൃതര്‍ എത്തിയതെന്നും ഓമനക്കുട്ടന് പ്രതികരിച്ചിരുന്നു.






