ഭുവനേശ്വര്‍: ഗര്‍ഭിണിയായ സ്ത്രീയുടെ വയറ്റില്‍ ഇടിച്ച് ഗര്‍ഭം കലക്കിയ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. ഒഡീഷയിലാണ് സംഭവം. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുന്ദര്‍ഗഡ് എസ്.പി സൗമ്യ മിശ്രയ്ക്കെതിരെ ഹെമിഗര് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആറിട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. സുന്ദര്‍ഗഡിലെ കനിക സ്വദേശിനിയായ പ്രിയ ഡേ എന്ന യുവതിയുടെ പരാതിയിലാണ് കോടതി നടപടി.
ഇക്കഴിഞ്ഞ ജൂലൈ നാലിനാണ് സൗമ്യ മിശ്ര പരാതിക്കാരിയുടെ വയറ്റില്‍ ഇടിച്ചത്. ഇതേതുടര്‍ന്ന് ഇവരുടെ ഗര്‍ഭം അലസി. ജൂലൈ മൂന്നിന് നടന്ന ഒരു വാഹനാപകടത്തോടെയാണ് സംഭവങ്ങളുടെ തുടക്കം 19കാരിയായ യുവതിയെ വാഹനമിടിച്ച് കൊന്ന എസ്.യു.വിയുടെ ഡ്രൈവറെ അറസറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രിയയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ പോലീസ് ബീറ്റ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ മാര്‍ച്ച് ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയും കല്ലേറില്‍ പോലീസുകാര്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രിയയുടെ ഭര്‍ത്താവ് ഉത്തം ഡേ അടക്കം 14 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇ, കേസുമായി ബന്ധപ്പെട്ട് ഉത്തം ഡേയെ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സൗമ്യ മിശ്ര പ്രിയയുടെ വയറ്റില്‍ ഇടിച്ചത്. ഇത് പ്രിയയുടെ ഗര്‍ഭം അലസാന്‍ കാരണമായി. വീട്ടില്‍ നിന്ന് ഉത്തം ഡേയെ കണ്ടെത്താനാകാതെ വന്നതോടെ ഇയാളുടെ ഇഷ്ടികക്കളത്തില്‍ എത്തി അഞ്ച് വാഹനങ്ങളും നിരവധി മെഷീനുകളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി എസ്.പിക്കെതിരെ പ്രിയ കോടതിയെ സമീപിക്കുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എസ്.പിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡെപ്യൂട്ടി എസ്.പി ജ്യോത്ഷണമയെക്കാണ് അന്വേഷണ ചുമതല.






