
ക്വോലാലംപൂര്‍: പ്രകോപനപരമായി മതപ്രസംഗം നടത്തിയതിന്റെ പേരില്‍ വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാകീര്‍ നായികിന് രണ്ട് മലേഷ്യന്‍ സംസ്ഥാനങ്ങളില്‍ കൂടി വിലക്ക്. പരസ്യമായി മതപ്രസംഗം പാടില്ലെന്നാണ് നിര്‍ദേശം. മലാക്ക, ഖേദാ എന്നീ സംസ്ഥാനങ്ങളാണ് പൊതുവേദികളിലെ പ്രസംഗം തടഞ്ഞത്. ഇതോടെ നായികിന് വിലക്കേര്‍പ്പെടുത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി.
എന്നാല്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ അധികൃതര്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നാണ് നായികിന്റെ നിലപാട്.
പെനാഗ് ഉപമുഖ്യമന്ത്രി പി.രാമസാമി, ക്ളാങ് എം.പി ചാള്‍സ് സാന്തിയാഗോ, ബഗന്‍ അസംബ്ലി അംഗം സതീസ് മുനിയാണ്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. രണ്ടു ദിവസത്തിനകം മാനനഷ്ടം നികത്തി മാപ്പുപറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തികേസ് നല്‍കുമെന്ന് നായിക് വ്യക്തമാക്കുന്നു.
കഴിഞ്ഞതാഴ്ച മലേഷ്യന്‍ മാനവവിഭവമന്ത്രി എം കുലശേഖരനെതിരെയും നായിക് അപകീര്‍ത്തിക്കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസ് നേരിടാന്‍ തയ്യാറാണെന്ന മറുപടിയാണ് കുലശേഖര നല്‍കിയത്. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ സംസാരിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും നേരത്തെ സാകീര്‍ നായികിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യ തേടുന്ന കുറ്റവാളിയാണ് സാകീര്‍ നായിക്. മലേഷ്യ ഇയാള്‍ക്ക് സ്ഥിരം താമസത്തിനുള്ള അനുമതി നല്‍കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.






