
കൊല്ലം: വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ മണ്ഡലമായ പുനലൂര്‍ താമരപ്പള്ളി ജങ്ഷനിലെ വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റിദ്ധാരണാ ജനകമായ വ്യാജ വാര്‍ത്തകളെന്ന് മന്ത്രി. മന്ത്രിയുടെ പ്രത്യേക പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡിനെ ചൊല്ലി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
'പുനലൂര്‍ മണ്ഡലത്തിലെ എം.എല്‍.എ.ഫണ്ടുപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യവും അഴിമതി രഹിതമായും നിലവിലുള്ള നിയമങ്ങള്‍ പാലിച്ചുകൊണ്ടുമാണ് ചെയ്യാറുള്ളത്. വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.' മന്ത്രി ഫേയ്സ്ബുക്കില്‍ കുറിച്ചു.
കാത്തിരിപ്പു കേന്ദ്രം പണിയുന്നതിനും അതിനോട് ചേര്‍ന്ന ഡ്രൈനേജിന്റെ പ്രവര്ത്തികള്ക്കുമായാണ് നാല് ലക്ഷം അനുവദിച്ചതെന്നും വാര്‍ത്തകളുടെ കൂടി പശ്ചാത്തലത്തില്‍ പ്രസ്തുത പ്രവൃത്തിയില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന് അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കെ. രാജു കുറിച്ചു. പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സിയായി നിര്‍ദ്ദേശിച്ചത് കേരള സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തെയാണ്.
അഞ്ചു കമ്പികളും ഒരു കൂരയുമുപയോഗിച്ച് നിര്‍മ്മിച്ച വെയ്റ്റിംഗ് ഷെഡ്ഡിന് നാലു ലക്ഷം രൂപയാണ് അടങ്കല്‍ തുകയായി കാണിച്ചിരിക്കുന്നത്. നാല് ലക്ഷം ചെലവാക്കാനിടയില്ലെന്നും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും ഇതേ നാലു ലക്ഷം രൂപയല്ലെ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പുതിയ വെയിറ്റിംഗ് ഷെഡിന്റെ എതിര്‍വശത്ത് എന്‍.കെ പ്രേമചന്ദ്രന് എം.പി ഫണ്ട് ഉപയോഗിച്ച നിര്‍മ്മിച്ച മൂന്നുലക്ഷം രൂപയുടെ വക ബസ് സ്റ്റോപ്പ് വര്‍ഷങ്ങളായി സ്ഥിതിചെയ്യുന്നുണ്ട്.
എട്ട് അടിയോളം മണ്ണ് നീക്കം ചെയ്ത ഭാഗത്താണ് ബസ്റ്റോപ്പ് പൂര്‍ണമായും സ്ഥിതി ചെയ്യുന്നത്. ഒരു വലിയ വളവാണ് ഇത്. ബസ്റ്റോപ്പ് നിര്‍മ്മാണത്തിനു വേണ്ടി എന്തെങ്കിലും വിധത്തില്‍ പണം ചെലവായിട്ടുണ്ടെങ്കില്‍ അത് മണ്ണ് നീക്കം ചെയ്യുന്നതിനും ജെ.സി.ബിയ്ക്കും മാത്രമായിരിക്കുമെന്നും എന്നാല്‍ അത് ഒരു ദിവസം മാത്രമായിരിന്നു വേണ്ടിവന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെയാണ് മന്ത്രി പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.






