
ഗ്രേറ്റര്‍ നോയ്ഡ: ഭക്ഷണത്തിന് വേണ്ടിയുള്ള കുഞ്ഞിന്റെ കരച്ചില് സഹിക്കാന്‍ കഴിയാതെ 26 കാരിയായ മാതാവ് എട്ടു മാസം പ്രായമുള്ള മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി ചാക്കില്‍ ഒളിപ്പിച്ചു. ഗ്രേറ്റര്‍ നോയ്ഡയുടെ പ്രാന്ത പ്രദേശത്ത് നടന്ന സംഭവത്തില്‍ വീട്ടില്‍ നിന്നും കുഞ്ഞിന്റെ ജീര്‍ണ്ണിച്ച ശരീരം പോലീസ് കണ്ടെത്തിയതാണ് കേസിലേക്ക് വെളിച്ചം വീശിയത്. മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ ഗൂഡാലോചനയില്‍ പങ്കാളിയായതിന് ഭര്‍ത്താവിനെയും ഭര്‍ത്തൃ പിതാവിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ചാണക ചാക്കിലേക്ക് കുട്ടിയുടെ ശരീരം ഒളിപ്പിക്കാന്‍ ഇവര്‍ സഹായം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. ഗോപാല്‍ഗര്‍ ഗ്രാമത്തിലെ ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി കട്ടിലില്‍ നിന്നും വീണ് കുട്ടി മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ബുധനാഴ്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വിശന്നുള്ള കുട്ടിയുടെ കരച്ചില് സഹിക്കാന്‍ കഴിയാതെ താന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ആഹാരം വാങ്ങാന്‍ തന്റെ കയ്യില്‍ പണമില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ആഗസ്റ്റ് 11 നായിരുന്നു കൃത്യം നടത്തിയത്. ഭര്‍ത്താവ് റോഹ്താഷ് സംശയരോഗമുള്ള ആളാണെന്നും മകന് ദീപക്കിനെ സ്വന്തം കുട്ടിയായി ഇയാള്‍ അംഗീകരിച്ചിരുന്നില്ലെന്നും ഹേമ പറഞ്ഞു.
മൂത്തസഹോദരനുമായി ഭാര്യയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് റോഹ്താഷ് സംശയിച്ചിരുന്നു. സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്തതിനാല്‍ തനിക്ക് കുഞ്ഞിനെ വളര്‍ത്താന്‍ കഴിയുമായിരുന്നില്ല. കഴുത്തില്‍ തുണി ചുറ്റി മുറുക്കിയായിരുന്നു കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിയത്. പോസ്റ്റുമാര്‍ട്ടത്തിലും കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. കുഞ്ഞു മരിച്ചതോടെ ഭയം മൂലമാണ് മൃതദേഹം ചാക്കില്‍ സൂക്ഷിച്ചതെന്നു പറഞ്ഞ ഹേമ കുഞ്ഞിനെ കാണാതെ പോയെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് ദീപകിനെ ആരോ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു.
വ്യാഴാഴ്ച ഹേമയുടെ വീട് പോലീസ് സന്ദര്‍ശിച്ചപ്പോള്‍ വീട്ടിനുള്ളില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് പോലീസിന്റെ ശ്രദ്ധ കുടുതലായി പതിയാന്‍ കാരണമായത്. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൊട്ടപ്പുറത്തെ മുറിയില്‍ ചാണകം നിറച്ച് സൂക്ഷിച്ചിരുന്ന ഒരു ചാക്കില്‍ നിന്നുമാണ് മണം വരുന്നതെന്ന് കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.






