
കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള എഫ്സി. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്മറ്റഡിയത്തില് നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടത്. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളാണ് ഗോകുലത്തിന് ആദ്യ ദേശീയ കിരീടം നേടിക്കൊടുത്തത്. 22 വര്‍ഷത്തിനു ശേഷമാണ് കേരളത്തില്‍ നിന്നൊരു ടീം ഡ്യൂറന്റ് കപ്പ് ഉയര്‍ത്തുന്നത്.
കരുത്തരായ മോഹന്‍ ബഗാനെതിരെ ഗോകുല്‍ എഫ്സി 45-ാം മിനിറ്റിലും 51-ാം മിനിറ്റിലുമാണ് ഗോള്‍വല ചലിപ്പിച്ചത്. ഗോകുലത്തിനായി ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ഡബിളടിച്ചപ്പോള്‍ 64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനാണ് ബഗാനുവേണ്ടി ഗോള്‍ നേടിയത്. ഫ്രീകിക്കാണ് മാര്‍ട്ടിനസ് ഹെഡ് ചെയ്ത് ഗോള്‍ ആക്കിയത്.
ഗോകുലത്തിനായി 45-ാം മിനിറ്റില്‍ പെനാല്‍റ്റിയാണ് നായകന് ഗോളാക്കി മാറ്റിയത്. ബഗാന് ഗോളി ദേബ്ജിത്ത് മജുംദാര്‍ ഹെന്റി കിസിക്കെയെ ഫൗള്‍ ചെയ്തതിനാണ് ഗോകുലത്തിന് പെനാല്‍റ്റി കിട്ടിയത്. രണ്ടു ഗോളോടെ മാര്‍ക്കസ് ടൂര്‍ണമെന്റില്‍ 11 ഗോളുകള്‍ നേടി. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലം ഫൈനലിലെത്തി കിരീടമുയര്‍ത്തിയത്.






