
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ലെന അഭിനയിച്ചു. മലയാളം ടെലിവിഷന്‍ പരമ്പരകളിലും ലെന മുഖം കാണിച്ചു. 2011ല്‍ പുറത്തിറങ്ങിയ ട്രാഫിക്കാണ് ലെനയുടെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രം. ഏതു തരം കഥാപാത്രവും ലെനയില്‍ സുരക്ഷിതമാണെന്ന് അവര്‍ തെളിയിച്ചു.
ചുരുങ്ങിയ കാലത്തിനിടെ, ക്യാരക്ടര്‍ റോളുകളിലൂടെ ലെന തന്റെ കഴിവ് തെളിയിച്ചു. മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിയില്ലാത്ത ലെനയുടെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. തനിക്ക് കിട്ടുന്ന വേഷം വേറിട്ട് നിര്‍ത്തുക മാത്രമല്ല പ്രേക്ഷകരെ വെറുപ്പിക്കാത്തൊരു നടിയാണെന്നും ലെനയെ കുറിച്ച് ആരാധകര്‍ പറയാറുണ്ട്. തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയാനും മടിയില്ലാത്ത ലെന അഭിനയത്തില്‍ മാത്രമല്ല, മേക്കോവറിലും കോസ്റ്റിയൂമിലുമൊക്കെ ശ്രദ്ധ പുലര്‍ത്താറുണ്ട്. ഇടയ്ക്കിടെ ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെനയെ ലേഡി മമ്മൂട്ടിയെന്നാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍ സംബോധന ചെയ്യുന്നത്. ഈ വിശേഷണത്തെ കുറിച്ച് ലെന തന്നെ പറയുകയാണ്.
'' ഇപ്പോഴാണ് ഞാന്‍ ശരിക്കും ചെറുപ്പമായതെന്നാണ് തോന്നുന്നത്. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്നേഹം എന്ന സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ എനിക്ക് 16 വയസ്സ് മാത്രമായിരുന്നു. പക്ഷേ, അന്ന് എന്നെ കണ്ടാല്‍ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു. അത്തരം പക്വതയും പ്രായവും തോന്നുന്ന കഥാപാത്രങ്ങളാണ് അഞ്ചുവര്‍ഷം മുന്‍പുവരെ ഞാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഞാന്‍ വീണ്ടും കൂടുതല്‍ ചെറുപ്പത്തിലേക്ക് വന്നിരിക്കുകയാണെന്ന് തോന്നുന്നു.
ലേഡി മമ്മൂട്ടി എന്ന് വിളിക്കുന്നത് ഒരു ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതോ ഒരു സൈറ്റില്‍ എനിക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസ്സായിട്ടും എന്നെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെപ്പോലെയാണെന്നുമാണ് ചിലരൊക്കെ പറയുന്നത്. സത്യത്തില്‍ എനിക്ക് ഇപ്പോള്‍ 38 വയസ്സായിട്ടേയുള്ളൂ. 1981ലാണ് ഞാന്‍ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നത്.'' ലെന പറയുന്നു.






