
കൊലപാതകക്കുറ്റത്തിനും മാനഭംഗത്തിനും ഹരിയാനയിലെ ആള്‍ദൈവം ഗുര്‍മീത് രാം റഹീം ശിക്ഷ അനുഭവിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ജീവപര്യന്തമാണ് ഗുര്‍മീതിന്റെ ശിക്ഷ. നിലവില്‍ റോത്തക്കിലെ സുനാരിയ ജയിലിലെ 8647-ാം നമ്പര്‍ തടവുകാരനാണ് ഗുര്‍മീത്. രണ്ട് വര്‍ഷത്തെ ജയില്‍ ജീവിതം കൊണ്ട് ഗുര്‍മീതിന്റെ 15 കിലോ കുറഞ്ഞു.ജയിലില്‍ പണിയെടുത്ത് 18,000 രൂപ ആള്‍ദൈവം സമ്പാദിക്കുകയും ചെയ്തു.
ഹരിയാനയിലെ ബാബ എന്ന പേരില്‍ പ്രസിദ്ധനായ ഗുര്‍മീത് ആഗസ്ത് 25, 2017ലാണ് അറസ്റ്റിലാകുന്നത്. 50-ാമത്തെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് 10 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അറസ്റ്റ്. സിബിഐ കോടതിയാണ് ഗുര്‍മീത്തിന്റെ ശിക്ഷ വിധിച്ചത്.
രണ്ട് വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍പ്പോലും ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് സന്ദര്‍ശനത്തിന് എത്തിയിട്ടില്ല. എന്നാല്‍ കുടുംബാംഗങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ വന്ന് കാണാറുണ്ട്.
ജയിലിലാണെങ്കിലും വൃത്തിയുള്ള വസ്ത്രധാരണരീതിയാണ് ഗുര്‍മീത് പിന്തുടരുന്നത്. സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളുടെ കയ്യിലാണ് അലക്കാനുള്ള തുണി ഏല്‍പ്പിക്കുന്നത്. തുടക്കസമയത്ത് ജയിലിലെ ഇരുട്ടറയും ഏകാന്തതയും ചൂടും ഗുര്‍മീതിന് സഹിക്കാനാവുന്നില്ലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് എപ്പോഴും പരാതി പറയുമായിരുന്നു. എന്നാലിപ്പോള്‍ ജയില്‍ ജീവിതവുമായി ഗുര്‍മീത് പൊരുത്തപ്പെട്ടെന്നാണ് അധികൃതര്‍ പറയുന്നത്.






