
തിരുവനന്തപുരം: ശബരിമലയില്‍ പഴയ നിലപാട് മയപ്പെടുത്തി വിശ്വാസികളെ തിരികെ കൊണ്ടുവരാന്‍ സിപിഎം നടത്തുന്ന തീരുമാനങ്ങളില്‍ നവോത്ഥാന സമിതി ഇടയുന്നു. സിപിഎമ്മിന്റെ പുതിയ ചുവടുമാറ്റത്തെ എതിര്‍ത്ത് രംഗത്ത വന്നിരിക്കുന്നത് കെപിഎംഎസ് നേതാവും നവോത്ഥാന സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറാണ്. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് പുന്നല തുറന്നടിച്ചിരിക്കുകയാണ്.
വിശ്വാസികളെ മുറിപ്പെടുത്താതെ ഒപ്പം കൊണ്ടു പോകാനുള്ള സിപിഎമ്മിന്റെ പുതിയ തീരുമാനം നവോത്ഥാന സമിതിയുടെ തുടർ പ്രവർത്തനത്തെ ആശങ്കയിലാക്കുന്നതാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തേണ്ടതുണ്ടെന്നും പുന്നല പറഞ്ഞു. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ല. പുരോഗമന വീക്ഷണം പുലർത്തുന്ന ചേരികൾ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുന്ന കാര്യമെന്നും പ്രതികരിച്ചു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എടുത്ത ശബരിമല നിലപാട് വലിയ തിരിച്ചടി നേരിടാന്‍ കാരണമായെന്ന വിലയിരുത്തല്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു വന്നിരുന്നു. ഇതാണ് ശബരിമലയില്‍ നിലപാട് മയപ്പെടുത്താന്‍ സിപിഎം തീരുമാനിച്ചതിന് കാരണം. ജനങ്ങള്‍ക്കിടയിലെ വിശ്വാസത്തെ അങ്ങിനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നുകൊണ്ടു പ്രവര്‍ത്തിക്കാനാണ് സംസ്ഥാനസമിതിയില്‍ ഉയര്‍ന്ന നിര്‍ദേശം.
പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ല. വര്‍ഗ്ഗീയ ശക്തികളെ മാറ്റി നിര്‍ത്താന്‍ ക്ഷേത്രക്കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം എന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. അതേസമയം പാര്‍ട്ടി നിലപാടുകള്‍ക്കും ആശയങ്ങള്‍ക്കും വിധേയരായി നിന്നു വേണം അവര്‍ പ്രവര്‍ത്തിക്കാനെന്നും കോടിയേരി പറഞ്ഞിരുന്നു.






