ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ പേര് നല്‍കും. അരുണ്‍ ജെയ്റ്റ്ലിയോടുള്ള ആദരസൂചകമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. സെപ്റ്റംബര്‍ 12ന് നടക്കുന്ന ചടങ്ങില്‍ സ്റ്റേഡിയത്തിന്റെ പുതിയ പേര് പ്രഖ്യാപിക്കും.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കായിക മന്ത്രി കിരണ്‍ റിജ്ജുവും പങ്കെടുക്കും. 1999 മുതല്‍ 2013 വരെ അരുണ്‍ ജെയ്റ്റലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. ജെയ്റ്റ്ലി പ്രസിഡന്റ് ആയിരിക്കെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം നവീകരിച്ചിരുന്നു. സ്റ്റേഡിയത്തിലെ ഡ്രസിംഗ് റൂം മികച്ച നിലവാരത്തിലാക്കിയതും ജെയ്റ്റ്ലിയുടെ കാലഘട്ടത്തിലാണ്.
വിരാട് കോഹ്ലി, വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ആഷിഷ് നെഹ്റ, റിഷഭ് പന്ത് തുടങ്ങി നിരവധി താരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലേക്ക് വളരാന്‍ ജെയ്റ്റ്്ലിയുടെ പിന്തുണ സഹായകരമായിരുന്നെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രജത് ശര്‍മ്മ പറഞ്ഞു.






