
കോഴിക്കോട്: മംഗളം സ്ഥാപക പത്രാധിപര്‍ എം.സി വര്‍ഗീസിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ എം.സി വര്‍ഗീസ് പുരസ്കാരം സാഹിത്യ ലോകത്തെ കുലപതി എം.ടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വസതിയായ സിതാരയില്‍ നടന്ന ചടങ്ങില്‍ മംഗളം എഡിറ്റര്‍ ഡോ: സജി വര്‍ഗീസ് പുരസ്കാരം സമ്മാനിച്ചു.ഒരു ലക്ഷത്തിഒന്നു രൂപയും ഫലകവും പൊന്നാടയുമാണ് പുരസ്കാരം.
മംഗളം പ്രസിദ്ധീകരണങ്ങളൂടെ ജനപ്രീതി ഗവേഷകരെപോലും ആകര്‍ഷിച്ചുവെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവെ എം.ടി പറഞ്ഞു. വളരെ ചെറിയ തോതില്‍ ആരംഭിച്ച ഒരു വാരിക കേരളത്തിലെ വായനാ സമൂഹത്തെ മുഴുവന്‍ ആകര്‍ഷിച്ചത് വലിയ സംഭവമാണ്. അക്കാലത്ത് ഏറെ പ്രചാരമുണ്ടായിരുന്ന വാരികയാണ് മംഗളം. അത് ജനങ്ങളുടെ ഇടയിലേക്ക് എങ്ങിനെ കടന്നുചെന്നു എന്നുള്ളത് സംബന്ധിച്ച് പലരും ഗവേഷണം നടത്തിയിട്ടുണ്ട്. വായനക്കാരെ ആകര്‍ഷിക്കാന്‍ മംഗളത്തിനു സാധിച്ചുവെന്നത് പ്രധാന കാര്യമാണ്. ജോലിക്കുപോകുന്ന ആളുകളുടെയും ബസും ട്രെയിനും കാത്തുനില്ക്കുന്ന യാത്രക്കാരുടെയും കൈയിലുണ്ടായിരുന്നത് മംഗളം വാരികയാണ്. അക്കാലത്ത് പല വാരികകളും ഉണ്ടായിരുന്നു. എന്നാല്‍ മംഗളം ഇത്രമാത്രം ജനപ്രീതി നേടി എന്നത് ഇന്നും അദ്ഭുതകരമാണ്. മംഗളം വാരികയും പത്രവും എന്നും ജനഹൃദയങ്ങളിലുണ്ട് എന്നാണ് ഇതു തെളിയിക്കുന്നതെന്ന് എം.ടി പറഞ്ഞു.






