
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി തുടരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അതിരുപതയിലെ വൈദികരും അല്മായും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഏറെക്കുറെ സ്വീകരിച്ച് അവ തീരുമാനമാക്കിയ സിറോ മലബാര്‍ സിനഡിനെ അഭിനന്ദിക്കുന്നു. അതേസമയം, ഭൂമി ഇടപാടിലെ നഷ്ടം നികത്തുന്ന കാര്യത്തില്‍ സിനഡില്‍ നിന്ന് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ ഇല്ലാത്തതില്‍ നിരാശയുണ്ടെന്നും പുതിയ ആര്ച്ച്ബിഷപ്പില് നിന്നും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതിരുപത സംരക്ഷണ സമിതിയും അല്മായ മുന്നേറ്റവും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഭൂമിയിടപാടില്‍ തെറ്റുപറ്റിയവര്‍ അത് നിരുത്താനും നിയമനടപടികള്‍ക്ക് വിധേയരാകാനും തയ്യാറാകാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് കര്‍ദിനാള്‍ അലഞ്ചേരിയെ ഭരണചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ടതും വത്തിക്കാന്‍ ആ തീരുമാനത്തിലെത്തിയതും. ആര്‍ച്ച്ബിഷപ് ആന്റണി കരിയിലിന്റെ നിയമനം സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അനുഭവം വൈദികരേയും അല്മായരേയും ഏറെ പ്രബുദ്ധരാക്കി. അതിനാല്‍ ഇനി മുതല്‍ അതിരൂപതയുടെ എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കും. കൃത്യമായ ആലോചനയും കര്മ്മപദ്ധതികളുമില്ലതെ അധികാരികളുടെ മാത്രം ഇഷ്ടത്തിന് മുന്നോട്ടു പോകാന്‍ ഇനി അനുവദിക്കില്ല.
അനാവശ്യമായി സിനഡിന്റെ പേരില്‍ ഫാ.ജോബി മാപ്രക്കാവില്‍ നല്കിയ വിവാദരേഖാ കേസിന്റെ കാര്യത്തില്‍ സിനഡ് തീരുമാനമെടുക്കാത്തില് പ്രതിഷേധവും രേഖപ്പെടുത്തി. ചെയ്യാത്ത കുറ്റത്തിന്റെ പേരിലുള്ള പോലീസിന്റെ ഏതൊരു നടപടിയേയും വൈദികരും വിശ്വാസികളും ധീരതയോടെ നേരിടും. ഫാ.അഗസ്റ്റിന് വട്ടോളിയെ കുറിച്ച് സിനഡില്‍ നിന്നുണ്ടായ നിരുത്തരവാദിത്വപരവും സത്യവിരുദ്ധവുമായ പ്രസ്താവനയില്‍ ശക്തമായി അപലപിക്കുന്നതായും സമിതികള്‍ വ്യക്തമാക്കി. അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റിയന് തളിയന്‍, വക്താവ് ഫാ.ജോസ് വൈലിക്കോടത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി ജെറാര്ദ്ദ്, അല്മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍, റിജു കാഞ്ഞൂക്കാരന്‍, മാത്യൂ കരോണ്ടുകടവില്‍, ഷൈജു ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.






