
കോട്ടയം: ഗോകുലം ഗ്രൂപ്പ് കമ്പനിക്കെതിരെ തമിഴ്നാട് സ്വദേശിയായ വ്യവസായി നല്കിയ പരാതിയെ നിയമപരമായി നേരിടുമെന്ന് പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്. ഗോകുലം ഗ്രൂപ്പ് നല്കിയ ഒരു ചെക്കും ബൗണ്‍സ് ചെയ്തിട്ടില്ല, ഇത് കള്ളക്കേസാണ്, ഈ കേസ് തെളിയിച്ചാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനും തയാറാണെന്ന് ഗോകുലം ഗോപാലന് മംഗളം സുവര്‍ണ്ണ ജൂബിലി ആഘോഷ വേളയില്‍ പറഞ്ഞു.
ഗോകുലം ഗ്രൂപ്പ് കമ്പനി ഡയറക്ടറും ഗോകുലം ഗോപാലന്റെ മകനുമായ ബൈജു ഗോപാലന്റെ പേരില്‍ 20 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയതിനു ശേഷം സ്ഥാപനം എഴുതി നല്‍കാമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബൈജു ഗള്ഫില്എത്തുന്നത്. ഗോകുലം ഗ്രൂപ്പ് കമ്പനി വ്യവസായിയായ രമണി എന്നയാള്‍ക്കെതിരെ മദ്രാസില്‍ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് നല്‍കിയതിനു പിന്നാലെയാണ് 20 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയത്. കരാര്‍ ഉണ്ടാക്കിയെങ്കിലും ഗോകുലം ഗ്രൂപ്പ് പരാതിക്കാരന് ചെക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ പ്രമാണം ചെയ്യുമ്പോള്‍ പരാതിക്കാരന് കരാര്‍ തരാന്‍ തയാറായില്ല. തൊട്ടടുത്ത ദിവസം ഇവരുടെ നോട്ടീസ് ആണ് ഗോകുലം ഗ്രൂപ്പിന് കിട്ടുന്നത്. മദ്രാസില്‍ ഇവര്‍ക്കെതിരെ നല്കിയ 25 കോടി രൂപയുടെ കേസ് പിന്‍വലിക്കുകയാണെങ്കില്‍ ഈ കേസും പിന്‍വലിക്കാമെന്ന ആവശ്യമാണ് പരാതിക്കാരന് മുന്നോട്ടു വെയ്ക്കുന്നതെന്നും ഗോകുലം ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ഈ സംഭവം നടക്കുന്നത് ജൂലായ് മാസം ആദ്യമാണ്. സ്വകാര്യ ആവശ്യത്തിനായി ബൈജു നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുന്നതിനിടെയാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കാതെ നാട്ടിലേക്ക് മടങ്ങരുതെന്ന് ,വ്യവസായി രമണി പോലീസില്‍ പരാതി നല്‍കിയത്. കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. തെറ്റായ കരാര്‍ ഉണ്ടാക്കിയാണ് പരാതിക്കാരന് പോലീസില്‍ സമീപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രമണി എന്നയാള്‍ക്ക് ചെക്ക് നല്കി അത് ബൗണ്‍സ് ആയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കുമെന്ന് ഗോകുലം ഗോപാലന് മംഗളത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് വ്യക്തമാക്കിയത്. മംഗളം ഗോള്‍ഡന്‍ ജൂബിലി പുരസ്കാരം മന്ത്രി ഇ.പി. ജയരാജനില്‍നിന്ന് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗോകുലം ഗോപാലന്റെ മകനുമായ ബൈജു ഗോപാലാനെതിരെ രമണി നല്കിയ പരാതിയെ തുടര്‍ന്ന് ബൈജുവിന് യുഎഇക്കു പുറത്തുപോകുന്നതിനു വിലക്കുണ്ട്. ഒമാന്‍ വഴി കേരളത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈജു ഗേപാലാനെ ഒമാന്‍ പോലീസ് തടഞ്ഞിരുന്നു. കേസ് സെപ്റ്റംബര്‍ മൂന്നിന് വീണ്ടും കോടതി പരിഗണിക്കും.






