
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്ത് വന്നപ്പോഴാണ് അറസ്റ്റിനെ കുറിച്ച് മാധ്യമങ്ങള്‍ ചിദംബരത്തോട് ചോദ്യം ഉന്നയിച്ചത്. 15 ദിവസത്തെ സിബിഐ കസ്റ്റഡിയെ കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.
അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കൈയിലെ അഞ്ച് വിരലുകള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു ചിദംബരം. ജി.ഡി.പിയിലെ അഞ്ച് ശതമാനത്തിന്റെ കേവല വളര്‍ച്ച ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
'അഞ്ച് ശതമാനം. അഞ്ച് ശതമാനമെന്നാല് എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?' എന്നായിരുന്നു ഇതോടൊപ്പം അദ്ദേഹം ചോദിച്ചത്. ദല്‍ഹിയിലെ സി.ബി.ഐ കോടതിയില്‍ നിന്നിറങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഏപ്രില്‍ - ജൂണ്‍ കാലത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്. ജി.ഡി.പി നിരക്കിലുണ്ടായ ഇടിവിനെ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിനെ കുറിച്ചുള്ള ആദ്യ പ്രതികരണത്തില്‍ മോദി സര്‍ക്കാരിനെതിരെ ചിദംബരം ഒളിയമ്പ് ഏയ്തത്.
അതിനിടെ 15 മാസത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു വിപണി കൂപ്പുകുത്തുന്നെന്ന വാര്‍ത്തകളും പുറത്തുവന്നുകഴിഞ്ഞു. ചെറുകിട ഉത്പാദന മേഖലയും പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വളര്‍ച്ചാ നിരക്കിലെ കുറവ് ചര്‍ച്ച ചെയ്യാതിരിക്കാനുള്ള നീക്കമാണ് തന്റെ അറസ്റ്റിന് പിന്നിലുള്ളതെന്ന് അര്‍ത്ഥമാക്കുന്നതാണ് ചിദംബരത്തിന്റെ പ്രതികരണം.
അതേസമയം മുന്‍ ധനമന്ത്രി പി ചിദംബരം സി.ബി.ഐ കസ്റ്റഡിയില്‍ തുടരും. സുപ്രീം കോടതിയില്‍ ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ ഇനി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചേങ്കിലും സുപ്രീം കോടതി. സി.ബി.ഐ കസ്റ്റഡിയില്‍ തന്നെ വിടാന്‍ ഉത്തരവിടുകയായിരുന്നു.
'ഞങ്ങള്‍ക്കിനി ചിദംബരത്തെ ചോദ്യം ചെയ്യണമെന്നില്ല, ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഇനി നിയമം നിയമത്തിന്റെ വഴിക്ക പോകട്ടെ' എന്ന് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സിബിഐയുടെ റിമാന്‍ഡിനെതിരായി ചിദംബരം നല്കിയ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് ആര് ഭാനുമതി അധ്യക്ഷയായ ബഞ്ചിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ നിലപാടെടുത്തത്. എന്നാല്‍ ചിദംബരം സിബിഐ കസ്റ്റഡിയില്‍ത്തന്നെ തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു.






