
ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്രപൗര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 വിന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. ചാന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനമാണ് കണ്ടെത്തിയിരിക്കുന്നത്. ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തി. എന്നാല്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ സംവിധാനം പുന:സ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ആശയവിനിമയം പുന:സ്ഥാപിക്കാന്‍ ശ്രമിച്ചു വരികയാണെന്നും ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് അറിയിച്ചു.
ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള 3,84,000 കിലോമീറ്ററില്‍ 3,83,998 കിലോമീറ്റര്‍ ദൂരവും വിജയകരമായി സഞ്ചരിച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം അവസാന നിമിഷം നഷ്ടമാകുന്നത്. ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന്റെ ഭ്രമണപഥത്തിലാണ്. ചന്ദ്രോപരിതലത്തിന് രണ്ടു കിലോമീറ്റര്‍ മാത്രം ഉള്ളപ്പോഴാണ് സിഗ്നലുകള്‍ നഷ്ടമായത്. ഇന്നലെ പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ ദൗത്യം അവസാനഘട്ടത്തില്‍ വെച്ച് പരാജയപ്പെട്ടെന്ന സൂചനകള്‍ ഇസ്രോ പുറത്തുവിടുന്നത്. ചാന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. ജൂലായ് 22-നാണ് ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്.
ചാന്ദ്ര ദൗത്യം 90 മുതല്‍ 95 ശതമാനം വരെയാണ് ലക്ഷ്യം കണ്ടതെന്ന് ഇസ്രോ ഇന്നലെ വ്യക്തമാക്കി. ഇത് ചന്ദ്രനെക്കുറിച്ചുളള കൂടുതല്‍ പഠനത്തിന് ഓര്‍ബിറ്റര്‍ സഹായകമാകും,മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം കൂടുതല്‍ ആയുസ് ലഭിക്കും. ഓര്‍ബിറ്ററിന് ഒരു വര്‍ഷത്തെ ആയുസാണ് നേരത്തെ കണക്കാക്കിയിരിക്കുന്നത്.
സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യം. 'ആശങ്കയുടെ 15 മിനിറ്റുകള്‍' എന്നാണ് ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് ലാന്‍ഡിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം.







Comments