
ന്യൂഡല്‍ഹി: ഹരിയാനയിലെ സോനിപത്തില്‍ പള്ളി ഇമാമിനെയും ഭാര്യയെയും അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സോനിപത്തിലെ മനിക് മജിരി ഗ്രാമത്തിലെ പള്ളിയിലെ ഇമാം മൗലവി ഇര്ഫാന്(36), ഭാര്യ യാസ്മിന്(22) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗ്രാമത്തിലെ പള്ളിയില്‍ രണ്ടുവര്‍ഷമായി ഇമാമായി സേവനം ചെയ്യുന്ന ഇര്‍ഫാന്റെ വിവാഹം കഴിഞ്ഞവര്‍ഷമാണ് നടന്നത്. അതിന് ശേഷം പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഭാര്യക്കെപ്പം അദ്ദേഹത്തിന്റെ താമസം.
ഇന്നലെ രാവിലെ ഗ്രാമീണര്‍ നിസ്കാരത്തിനായി പള്ളിയിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പള്ളിയില്‍ ഇമാമിനെ കാണാതായതോടെ അന്വേഷിക്കുകയും മുറി തുറന്നപ്പോള്‍ ചോരയില്‍ കളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. മൂര്‍ച്ചയേറിയ ആയുധങ്ങളാണ് കൊലക്കുയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.
അതേസമയം കൊലയാളികളെ കുറിച്ചോ ക്രൂരകൃത്യത്തിന് പിന്നിലുള്ള പ്രേരണയോ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.






