
കായംകുളം: ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ക്യാമറയുമായ മുങ്ങിയ പ്രതി പിടിയില്‍. കേരളാ-തമിഴ്നാട് അതിര്‍ത്തിയായ പൊഴിയൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം 29 നാണ് കായംകുളം പുതിയിടത്തെ കാര്‍ത്തിക സ്റ്റുഡിയോ ഉടമ ശിവകുമാറിനെ ആക്രമിച്ച് ക്യാമറ കവര്‍ന്നത്.
പിഡബ്ല്യൂഡി ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി രാജേഷ് സ്റ്റുഡിയോയില്‍ എത്തിയത്. ഔദ്യോഗിക ആവശ്യത്തിനെന്ന് പറഞ്ഞതനുസരിച്ച് പൊതു നിരത്തുകളുടെയും സര്‍ക്കാര്‍ നിര്‍മിതികളുടെയും ചിത്രങ്ങള്‍ എടുക്കാന്‍ ശിവകുമാറും ഒപ്പം പോയി. ആളോഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ശിവകുമാറിനെ അടിച്ച് വീഴ്ത്തി ക്യാമറയുമായി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
കായംകുളം പൊലീസിന്റെ അന്വേഷണത്തില്‍ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയ അന്വേഷണ സംഘം കേരള അതിര്‍ത്തിയായ പൊഴിയൂരില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തില്‍ പലയിടത്തും സമാനമായ രീതിയില്‍ ക്യാമറ കവര്‍ന്നതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.
കരുനാഗപ്പള്ളിയിലെ യൂസ്ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ നിന്നും കവര്‍ന്ന തണ്ടര്‍ബേര്‍ഡ് ബൈക്കില്‍ കറങ്ങി നടന്നായിരുന്നു മോഷണങ്ങള്‍. കവര്‍ന്നെടുക്കുന്ന ക്യാമറകള്‍ തമിഴ്നാട്ടിലെ നാഗര്‍ കോവിലിനടുത്തുള്ള കോട്ടാര്‍ എന്ന സ്ഥലത്തായിരുന്നു ഇയാള്‍ ചുരുങ്ങിയ വിലക്ക് വിറ്റിരുന്നത്. സ്ഥിരം കുറ്റവാളിയായ രാജേഷ്, ആറ് മാസം മുമ്പാണ് തമിഴ്നാട്ടില്‍ കൊലക്കുറ്റത്തിന് ജയിലില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.






