ന്യുഡല്‍ഹി: വാഹന വിപണിയിലെ പ്രതിസന്ധിക്ക് ഓണ്‍ലൈന്‍ ടാക്സികളെ പഴിച്ച് രംഗത്ത് വന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന് മറുപടിയുമായി മാരുതി സുസുകി. ആളുകള്‍ കാറ് വാങ്ങാതെ ഓണ്‍ലൈന്‍ ടാക്സികളായ ഒല, യുബര്‍ തുടങ്ങിയവയെ ആശ്രയിക്കുന്നതാണ് വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ പ്രസ്താവന. എന്നാല്‍ മന്ത്രിയുടെ വാദം തള്ളി രംഗത്ത് വന്നിരിക്കുകയാണ് മാരുതി സുസുകിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ.
ആളുകള്‍ ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കുന്നതല്ല വാഹന വിപണിയിലെ തകര്‍ച്ചയ്ക്ക് കാരണം. വിപണിയില്‍ ഉണ്ടായിരിക്കുന്ന വന്‍ ഇടിവിനെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ രീതിയില്‍ മാറ്റം വന്നിട്ടില്ല. ആളുകള്‍ വലി ആഗ്രഹത്തോടെയാണ് കാറുകള്‍ വാങ്ങുന്നത്. കഴിഞ്ഞ ആറ്-ഏഴ് വര്‍ഷമായി ഇവിടെ ഓണ്‍ലൈന്‍ ടാക്സികള്‍ സജീവമാണ്. അപ്പോഴെല്ലാം വാഹന വിപണി നല്ല കാലത്തില്‍ ആയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് തകര്‍ച്ച ഉണ്ടായതെന്നും ശ്രീവാസ്തവ പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സികള്‍ വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും കാര്‍ വിപണി ഉയര്‍ന്നു തന്നെ നില്ക്കുന്ന അമേരിക്കന്‍ വിപണിയും ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവരില്‍ 46 ശതമാനം ആദ്യമായി കാര്‍ ഉപയോഗിക്കുന്നവരാണ്. ഇതൊരു ആഗ്രഹ സഫലീകരണമാണ്. ആളുകള്‍ ഓഫീസില്‍ പോകാനാണ് ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കുന്നത്. വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും കുടുംബവുമൊത്ത് പുറത്തുപോകാന്‍ സ്വന്തം കാറുകളെ തന്നെയാണ് ആശ്രയിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.
വാഹനം വാങ്ങുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടായിട്ടില്ല. വിപണി മാന്ദ്യത്തിന് നിരവധി കാരണങ്ങളുണ്ട്. പണലഭ്യതയിലെ കുറവും ഉയര്‍ന്ന നികുതി നിരക്കുമെല്ലാം ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളൊന്നും ഫലം കണ്ടില്ലെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.






