
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തുന്ന ചിത്രമാണ് 'ദ സ്കൈ ഈസ് പിങ്ക്'. ഒക്ടോബറില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ ദംഗലിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് സൈറ വസീമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതോടെ സൈറക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്.
ഈ വര്‍ഷം ജൂണില്‍ സൈറ നടത്തിയ പ്രഖ്യാപനത്തെ ഉയര്‍ത്തിക്കാട്ടിയാണ് പ്രധാന വിമര്‍ശനം. സിനിമ മതത്തില്‍ നിന്ന് അകറ്റിയെന്നും അതിനാല്‍ അഭിനയം ഉപേക്ഷിക്കുകയാണെന്നും സൈറ പ്രഖ്യാപിച്ചിരുന്നു. പറഞ്ഞതെല്ലാം മറന്നോയെന്നും അന്ന് നടത്തിയ പ്രഖ്യാപനം വെറും പ്രഹസനമായിരുന്നുവെന്നുമാണ് സൈറയ്ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഇതൊന്നുമല്ല.
സൈറ അഭിനയം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ചിത്രീകരിച്ച ചിത്രമാണ് സ്കൈ ഈസ് പിങ്ക്. ചിത്രത്തിന്റേതായി ഇപ്പോള്‍ പുറത്ത് വന്ന ബീച്ച് ഫോട്ടോയും ജൂണിന് മുന്‍പ് എടുത്തതാണ്. റിലീസ് ചെയ്യുന്നത് ഇപ്പോഴാണെന്ന് മാത്രം. ചിത്രത്തിന്റെ പ്രമോഷന് ചടങ്ങുകളിലും സൈറ പങ്കെടുക്കുന്നില്ല. മോട്ടിവേഷണല്‍ സ്പീക്കര്‍ ആയിഷ ചൗധരിയുടെയും കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. സൈറക്കൊപ്പം പ്രിയങ്ക ചോപ്ര, ഫര്ഹാന് അക്തര്‍ എന്നിവരാണ് സ്കൈ ഈസ് പിങ്കിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.






