തിരുവനന്തപുരം: നവോത്ഥാന സമിതിയില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചിട്ടില്ലെന്ന് ഹിന്ദു പാര്‍ലമെന്റ് ചെയര്മാന് പി.ആര് ദേവദാസ്. സി.പി സുഗതന്റെ അഭിപ്രായം ഏകപക്ഷീയമാണെന്നും ഒരാളെപ്പോലും കൂടെ നിര്‍ത്താന്‍ സുഗതന് സാധിക്കില്ലെന്നും ദേവദാസ് പറഞ്ഞു.
നവോത്ഥാന സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന് സി.പി സുഗതന് വ്യക്തമാക്കിയിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് 54 സമുദായ സംഘടനകളെയും കൂട്ടി ഹിന്ദു പാര്‍ലമെന്റ് നവോത്ഥാന സംരക്ഷണ സമിതിയില്‍ ചേര്‍ന്നത്. സംഘടനയെ പുന്നല ശ്രീകുമാറും വെള്ളാപ്പള്ളി നടേശനും ചേര്‍ന്ന് ഹൈജാക്ക് ചെയ്തുവെന്നും സുഗതന് ആരോപിച്ചിരുന്നു. 12 മൂന്നോക്ക ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് വനിതാ മതില് വിജയിപ്പിച്ചെന്നും കേവലം സംവരണ മുന്നണിയായി സമിതി മാറിയെന്നും സുഗതന് ആരോപിച്ചിരുന്നു.
അതേസമയം സമിതിയെ ആരെങ്കിലും ഹൈജാക്ക് ചെയ്തതായി തോന്നിയിട്ടില്ലെന്ന് ദേവദാസ് പറഞ്ഞു. സമിതിയില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചിട്ടില്ല. സി.പി സുഗതന്റെ അഭിപ്രായത്തിന് സംഘടന ഉത്തരവാദിയല്ലെന്നും ദേവദാസ് പറഞ്ഞു. സുഗതനെ തള്ളി ദേവദാസ് രംഗത്ത് വന്നതോടെ ഹിന്ദു പാര്‍ലമെന്റില്‍ തന്നെ ഇക്കാര്യത്തിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.






