കണ്ണൂര്‍: കെ. കരുണാകരന് സ്മാരക ആശുപത്രി നിര്‍മ്മിച്ച കരാറുകാരന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ കെ. കുഞ്ഞികൃഷ്ണന് നായര്‍, കെ.കെ സുരേഷ് കുമാര്‍, റോഷി തോമസ്, ടോമി പ്ലാച്ചേരി, ടി.വി അബ്ദുള്‍ സലീം, പി.എസ് സോമന്, സി.ഡി സ്കറിയ, എന്നിവരില്‍ നിന്നുമാണ് മൊഴിയെടുത്തത്. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
കരുണാകരന് സ്മാരക ആശുപത്രി നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ട്. ഈ കെട്ടിടത്തിലാണ് ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഭിക്കാനുള്ള പണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ജോയി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയിയെ കാണാതായത്. തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ രേഖകള്‍ കൈക്കലാക്കിയ ശേഷം ജോയിയെ കൊന്നതാണെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ തുറന്ന കത്ത് എഴുതുകയും ചെയ്തു.
അതേസമയം നേതാക്കളുടെ പേരില്‍ ഇത്തരം ട്രസ്റ്റുകള്‍ ഉണ്ടാക്കുന്നതിന് നിയന്ത്രണം വേണമെന്ന് കെ. കരുണാകരന്റെ മകന് കൂടിയായ കെ. മുരളീധരന് എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ട്ടിയില്‍ ആവശ്യപ്പെടും. ഇത്തരം സംഭവങ്ങള്‍ കരുണാകരന്റെ സല്‍പ്പേരിനാണ് കളങ്കമുണ്ടാക്കുന്നതെന്നും മുരളീധരന് പറഞ്ഞു.






