
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ അദിതി റാവു ഹൈദരിയാണ് നായിക. 13 വര്‍ഷത്തിന് ശേഷമാണ് അദിതി മലയാളത്തില്‍ തിരിച്ചെത്തുന്നത്. മമ്മൂട്ടി നായകനായ പ്രജാപതി എന്ന ചിത്രമായിരുന്നു അദിതിയുടെ ആദ്യ മലയാള ചിത്രം. പുതിയ ചിത്രത്തിന് സൂഫിയും സുജാതയും എന്നാണ് പേരിട്ടിരിക്കുന്നത്.
ഫ്രൈഡേ ഫിലിംസിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാകാന്‍ സാധ്യതയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററിനൊപ്പം വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധാനം. നിരൂപക ശ്രദ്ധ നേടിയ കരി എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. എം ജയചന്ദ്രനാണ് സംഗീതം. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ദീപു ജോസഫാണ് എഡിറ്റിംഗ്.
സെപ്റ്റംബര്‍ 20 ന് ചിത്രീകരണം ആരംഭിക്കുമെന്ന് വിജയ് ബാബു പറഞ്ഞു. ചിത്രത്തിന്റെ ബാക്കി വിവരങ്ങള്‍ എല്ലാം സര്‍പ്രൈസാണെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യയാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നതെന്നാണ് സൂചന. ഫ്രൈഡേ ഫിലിംസിന്റെ 12 ാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.






