
പനജി: ഹോട്ടല്‍ മുറികള്‍ക്ക് ചുമത്തിയിരുന്ന ഉയര്‍ന്ന ജിഎസ്ടി നിരക്ക് കുറച്ചു. 1000 രൂപ മുതല്‍ 7500 രൂപ വരെയുള്ള ഹോട്ടല്‍ മുറികളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി. 7500 രൂപയില്‍ കൂടുതല്‍ വാടകയുള്ള മുറികളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. ആയിരം രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് ഇനി മുതല്‍ നികുതി അടയ്ക്കേണ്ടതില്ല. ഗോവയില്‍ ചേര്‍ന്ന ചരക്ക് സേവന നികുതി(ജിഎസ്ടി) കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് നിരക്ക് കുറയ്ക്കാന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. കാറ്ററിംഗ് സര്‍വീസിനുള്ള ജിഎസ്ടി അഞ്ചു ശതമാനമാക്കി. അതേസമയം കഫീന്‍ അടങ്ങുന്ന പാനീയങ്ങളുടെ വില കൂടും. ഇവയുജെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി. കൂടാതെ 12 ശതമാനം സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ കമ്പനികളുടെയും നിര്‍മ്മാണണ കമ്പനികളുടെയും കോര്‍പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്തമാസം ഒന്നുമുതല്‍ തുടങ്ങുന്ന നിര്‍മ്മാണ കമ്പനികള്‍ 2023 മാര്‍ച്ച് 31 വരെ 15 ശതമാനം നികുതി അടച്ചാല്‍മതി. സെസും സര്‍ചാര്‍ജും ചേരുമ്പോള്‍ നികുതി 17.01 ശതമാനമാകും.






