
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികളും മുന്‍ എസ്.എഫ്.ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് ഇരുവര്‍ക്കും തിരിവനന്തപുരം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്സിറ്റി കോളേജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവര്‍ക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥയില്‍ കോടതി പറയുന്നു.
ജൂലൈയിലിലാണ് യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ ഒരു സംഘം എസ്.എഫ്.ഐ നേതാക്കള്‍ കുത്തി പരിക്കേല്‍പ്പിക്കുന്നത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തി വാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നെന്നാണ് സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്. കാന്റീനില്‍ മുന്നിലിരുന്ന് പാട്ട് പാടിയതിനാലാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.
ശിവരഞ്ജിത്തിനും നസീമിനും പുറമെ എസ്എഫ്ഐ നേതാക്കളായ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു. ദിവസങ്ങളോളം അഖിലിന് ആശുപത്രിയില്‍ കഴിയേണ്ടിയും വന്നു.
ഇരുവരും പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിലെ അന്വേഷണമാണ് പി.എസ്.സി ക്രമക്കേട് പുറത്തുകൊണ്ടുവന്നത്. വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാംപ്രതി നസീം, പ്രണവ് എന്നിവര്‍ ക്രമക്കേട് നടത്തിയതായി പി എസ് സിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണ സമിതി സ്ഥിരീകരിക്കുകയായിരുന്നു.






