
മെഗാസ്റ്റാര്‍ ചിരഞ്ജീവി കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രം 'സൈയ്റാ നരസിംഹ റെഡഡി'യിലെ ടൈറ്റില്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സിജു തുറവൂരിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രീവേദിയാണ്. സുധിനി ചൗഹാന്, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. രാജീവ് സുന്ദരേശന്, അരുണ്‍ കമ്മത്ത്, സുഹാസ് സാവന്ത്, റിഷികേഷ് കമേര്‍ക്കര്‍ , ദീപ്തി റെഗെ, പ്രഗതി ജോഷി, അരോഹി മാത്രേ, അതിഥി പ്രഭുദേശായി എന്നിവരും ഗാനത്തിന് കോറസ് പാടിയിട്ടുണ്ട്.
അത്ഭുതകരമായ ആക്ഷന്‍ സീക്വന്‍സുകള്‍ അമ്പരപ്പിക്കുന്ന സെറ്റുകള്‍, അത്യാകര്‍ഷകമായ വിഷ്വലുകള്‍, യുദ്ധഭൂമി, മികച്ച പശ്ചാത്തല സകോര്‍ എന്നിവയും ചിത്രത്തില്‍ നിറഞ്ഞിരിക്കുന്നു. സ്വാത്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡഡിയുടെ ബയോപിക് ആണ് ഈ ചിത്രം. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തില്‍ എത്തുന്നത് ബിഗ് ബി അമിതാഭ് ബച്ചനാണ്. യോദ്ധാവിന്റെ വേഷത്തില്‍ തമിഴ് നടന് വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തില്‍ നയന്‍താരയും എത്തുന്നു.
സുരേന്ദന് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗപതി ബാബു, തമ്മന്ന , കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന് , ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചരിത്രതാളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡ്ഡി. ഈ പോരാളിയുടെ ചൂടും ചൂരും ചേര്‍ന്ന ജീവിതകഥയാണ് ദൃശ്യമികവേടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ തരംഗമായിരുന്നു.
കോയിന്‍ഡെല്ലാ പ്രാഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ചിരഞ്ജീവിയുടെ മകനും തെലുങ്ക് സൂപ്പര്‍ താരവുമായ റാംചരണാണ്. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും റാംചരണിന്റെ ആദ്യ നിര്‍മാണ സംരംഭവും കൂടിയാണ് ഈ ചിത്രം. 270 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ആര് രത്നവേലു ഛായാഗ്രഹണം. അഞ്ച് ഭാഷയിലാണ് ചിത്രം തീയേറ്ററുകളിലെത്തുക.






