
ചണ്ഡീഗഡ്: ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് തീവ്രവാദികള്‍ ആയുധങ്ങള്‍ കടത്തിയതായി റിപ്പോര്‍ട്ട്. ആട്ടോമാറ്റിക് ആയുധങ്ങളും സാറ്റലൈറ്റ് ഫോണുകളും ഉള്‍പ്പെടെ 80 കിലോ ആയുധങ്ങള്‍ പഞ്ചാബ് പോലീസ് കണ്ടെത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ്. ഖലിസ്ഥാന്‍ വാദികളാണ് ഇതിന് പിന്നിലെന്നാണ് സംശയം.
പഞ്ചാബിലെ ടാണ് ടറന്‍ ജില്ലയിലെ ഖാല്‍റയ്ക്ക് സമീപത്തെ രാജോകേ ഗ്രാമത്തില്‍ നിന്നും അഞ്ച് എകെ 47 തോക്കുകള്‍, പിസ്റ്റളുകള്‍, സാറ്റലൈറ്റ് ഫോണുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവ ഞായറാഴ്ചയായിരുന്നു പഞ്ചാബ് പോലീസ് കണ്ടെത്തിയത്. ഇന്ത്യയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് സെപ്തംബര്‍ 9 നും 16 നും ഇടയില്‍ ജിപിഎസ് ഉള്‍പ്പെടെ ഉയര്‍ന്ന സാങ്കേതികതയുള്ള എട്ടിലധികം ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ഇവ നിക്ഷേപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര് ഇതുവരെ അറസ്റ്റിലായിട്ടുള്ളതായിട്ടാണ് പഞ്ചാബ് പോലീസ് നല്കുന്ന വിവരം.
സെപ്തംബര്‍ 22 ന് പോലീസ് ടാണ് ടറാന്‍ ജില്ലയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. മാന്‍സിംഗ്, ആകാശ്ദീപ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ അമൃത്സര്‍ ജയിലിലാണ്. ടാണ് ടറാനിലെ ചോളാ സാഹിബ് ഗ്രാമത്തില്‍ നിന്നും മറ്റു നാലു പേര് കൂടി പിടിയിലായിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച പഞ്ചാബ് റജിസ്ട്രേഷന് നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് വാഹനവും കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബ് പോലീസ്, കേന്ദ്ര സുരക്ഷാ ഏജന്‍സികളായ അതിര്‍ത്തി സുരക്ഷാസേന, ഇന്ത്യന്‍ വ്യോമസേന എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ആയുധക്കടത്തിന് ചൈനീസ് ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞത്. 10 കിലോ വഹിക്കാന്‍ ശേഷിയുള്ളവ ആയിരുന്നു ഡ്രോണുകള്‍. പാകിസ്താന്റെ രണ്ടു കിലോമീറ്റര്‍ ഉള്ളില്‍ നിന്നും വന്ന ഇവ 2000 അടി ഉയരത്തില്‍ അഞ്ചു കിലോമീറ്ററോളം സഞ്ചരിച്ച് 1200 അടി താഴ്ന്ന ശേഷമാണ് ആയുധങ്ങള്‍ നിക്ഷേപിച്ചത്. പഞ്ചാബിലെ ഫിറോസ് പൂര് ജില്ലയില്‍ ഡ്രോണുകള്‍ കണ്ടതിനെ തുടര്‍ന്ന് ആശങ്കപ്പെട്ട പഞ്ചാബ് പോലീസ് ബിഎസ്എഫ്, വ്യോമസേന എന്നിവയെ വിവരം അറിയിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റാണ് ജര്‍മ്മനി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ വാദികളുടെ പങ്ക് പുറത്തു കൊണ്ടുവന്നത്. പാകിസ്താന് തലവന്‍ രാജ്നീത് സിംഗ് എന്ന് നീതയുടെ സഹായത്തോടെ ഗുര്‍മീത് സിംഗ് ബാഗാ എന്നയാളാണ് ഇക്കാര്യം സംഘടിപ്പിച്ചത്. നീത ഗ്രനേഡുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കള്ളനോട്ടും ഡ്രോണ്‍ വഴി ഇട്ടു. സെപ്തംബര്‍ 6/7, 9/10 തീയതികളിലും അവസാനത്തേത് 15/16 തീയതികളിലുമായിരുന്നു ഇക്കാര്യം ചെയ്തത്. എന്നാല്‍ പാകിസ്തന്റെ രണ്ടു കിലോമീറ്റര്‍ ഉള്ളില്‍ നിന്നും വന്ന അവസാന ഡ്രോണ്‍ ടാണ് ടറാനിലെ ഖല്റാപോലീസ് സ്റ്റേഷന് പരിധിയിലെ രാജോക്കേ ഗ്രാമത്തില്‍ തകര്‍ന്നു വീണു.
ഈ ഡ്രോണിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഡ്രോണില്‍ ഉപയോഗിക്കപ്പെട്ട എട്ടു ചൈനീസ് ബാറ്ററികള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയാണ് ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതമാണെന്നും ഇതിന് നിര്‍ദേശം കിട്ടിയിരുന്നത് അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുമാണെന്നും മനസ്സിലായത്. 9.30 യ്ക്കും 10.30 യ്ക്കും ഇടയില്‍ നിക്ഷേപിക്കപ്പെട്ട നാലു കിലോ തൂക്കം വരുന്ന അഞ്ച് എകെ 47 തോക്ക്, ഒരു മാസിക, നാലു ചൈനീസ് പിസ്റ്റളുകള്‍, ഒമ്പത് എച്ച് ഇ ഗ്രനേഡുകള്‍, പത്തുലക്ഷം കള്ളനോട്ട്, 1000 റൗണ്ട് വെടിവെയ്ക്കാന്‍ കഴിയുന്ന വെടിയുണ്ടകള്‍, രണ്ടു ഇലക്ട്രോണിക് റിസീവറുകള്‍ എന്നിവയാണ് പോലീസ് കണ്ടെത്തിയത്. പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്തയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പാകിസ്താന് ചാരസംഘടനയായ ഐഎസ്ഐ സഹായത്തോടെ ഖലിസ്ഥാന്‍ വാദികള്‍ക്ക് വേണ്ടിയാണ് നീക്കമെന്നു ദിന്‍കര്‍ ഗുപ്ത പറഞ്ഞു. ജമ്മുകശ്മീരിലെ പുതിയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ പഞ്ചാബിലും കശ്മീരിലും തീവ്രവാദി ആക്രമണം നടത്തു ലക്ഷ്യമിട്ടായിരിക്കാം ഈ ആയുധക്കടത്തെന്ന് സംശയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 370 ാം വകുപ്പ് പുന: സംഘടിപ്പിച്ച ശേഷം പാകിസ്താന് അനേകം പുതിയ കുത്സിത ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെന്നും ആയുധങ്ങള്‍ പാക് ഡ്രോണുകള്‍ നിക്ഷേപിച്ചത് ഇതിന്റെ ഭാഗമാണെന്ന് അമരീന്ദര്‍ ചൊവ്വാഴ്ച നടത്തിയ ട്വീറ്റില്‍ പറയുന്നു. കഴിയുന്നതും വേഗത്തില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് അമരീന്ദര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.






