
കൊച്ചി: പിറവം വലിയ പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ വെടിവെപ്പും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്ന് ഹൈക്കോടതിയില്‍ പോലീസ്. സഭാത്തര്‍ക്കത്തില്‍ ബലപ്രയോഗം നടത്തിയാല്‍ വെടിവെപ്പും ജീവഹാനിയും വരെ നടന്നേക്കാമെന്നും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഓര്‍ത്തഡോക്സ് വിഭാഗത്തിനും പള്ളിയില്‍ ആരാധന നടത്താമെന്നും ഇതിന് പോലീസ് സംരക്ഷണം നല്‍കണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധിച്ചിരുന്നു.
എന്നാല്‍ വെടിവെപ്പും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്ന് കോതമംഗലം സി.ഐ. ഹൈക്കോടതിയെ അറിയിച്ചു. യാക്കോബായ വിഭാഗക്കാര്‍ ഇപ്പോഴും കോടതി വിധിയെ അന്ധമായി എതിര്‍ക്കുകയാണ്. കേസില്‍ പരാജയപ്പെട്ടെന്ന കാര്യം അവര്‍ക്ക് ബോധ്യപ്പെടുത്താന്‍ സമയം നല്‍കണം. നിലവിലെ സാഹചര്യത്തില്‍ കോടതി വിധി നടപ്പാക്കാന്‍ പ്രയാസമാണ്. പള്ളിക്കകത്ത് ബലപ്രയോഗമോ വെടിവെപ്പോ സാധ്യമല്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ബുധനാഴ്ച രാവിലെ പള്ളിയില്‍ പ്രവേശിക്കാനെത്തിയെങ്കിലും യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. നേരത്തേ തന്നെ പള്ളിക്കുള്ളില്‍ പ്രവേശിച്ചിരുന്ന യാക്കോബക്കാര് ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിക്കുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന കോടതിവിധി തങ്ങള്‍ക്ക് കിട്ടണമെന്നതാണ് ഓര്‍ത്തഡോക്സ് വിഭാഗം മുമ്പോട്ടു വെച്ചിരിക്കുന്ന ആവശ്യം. സംഘര്‍ഷ സാധ്യത നില നില്ക്കുന്നതിനാല് ശക്തമായ പോലീസ് കാവലാണ്.






