
രാജഭരണ കാലം. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്.
ഗ്രാമത്തിന്റെ കിഴക്കുഭാഗത്തെ തഴുകിപ്പോകുന്ന നീണ്ട പുഴയിലൂടെ വന്ന ചെറിയ വള്ളം കരയിലേക്ക് അടുപ്പിച്ചുകൊണ്ട് വള്ളക്കാരന് യാത്രക്കാരെ നോക്കി:
''ഇവിടെ സത്യവാന് പിള്ളയുടെ ചായക്കടയുണ്ട്. നല്ല ഭക്ഷണം കിട്ടും.''
ആള്ക്കാര് ഇറങ്ങി. സംതൃപ്തിയോടെ ഭക്ഷണം കഴിച്ചശേഷം അവര്‍ തിരികെ വള്ളത്തിലേക്കു കയറി.
വള്ളം നീങ്ങുമ്പോള്‍ അവരുടെ മുഖത്ത് നിറരുചിയുടെ സൂര്യവെളിച്ചം.
''ആ അപ്പത്തിന്റെയും കിഴങ്ങുകറിയുടെയും സ്വാദും മണവും ഇപ്പോഴും മാറുന്നില്ല.'' ഒരാള്‍ പറഞ്ഞു.
''ഞാന്‍ ദോശയാ കഴിച്ചത്... തേങ്ങാ ചട്ണിയും ഉഴുന്നുപൊടിയും മുളകുപൊടിയും.... ഹോ...''
മറ്റൊരാള്‍ പ്രകീര്‍ത്തിച്ചു.
''ആ പുട്ടും പയറും പപ്പടവും... നാവില്‍നിന്ന് ഇപ്പോഴും ആവി പോയിട്ടില്ല...''
കൈ ഉയര്‍ത്തി ഒരാംഗ്യം കാട്ടിക്കൊണ്ട്് അടുത്തയാള്‍ പറഞ്ഞു.
''ഇഡ്ഡലിയെന്താ മോശമോ... ആ സാമ്പാറും. ചായയോ... ഞാന്‍ രണ്ടു ചായ കുടിച്ചു.
അടുത്തയാള്‍ മൊഴിഞ്ഞപ്പോഴേക്കും വള്ളക്കാരന് ഇടപെട്ടു:
''രാജഭൃത്യന്‍ വന്ന് ഇവിടെന്ന് പലഹാരങ്ങള്‍ വാങ്ങിപ്പോകാറുണ്ട്. കൊട്ടാരത്തിലെ തമ്പുരാട്ടിക്ക് ഇവിടത്തെ പലഹാരങ്ങള്‍ അത്ര ഇഷ്ടമാണ്. തമ്പുരാട്ടി സത്യവാന്പിള്ളയെപ്പറ്റി പറഞ്ഞത് എന്താണെന്നറിയാമോ?''
''എന്താ...?''
വള്ളക്കാരന് തുഴ ഒരുവശത്തേക്കാക്കി. ഒരു ബീഡിക്ക് തീകൊളുത്തി. എന്നിട്ട് തികച്ചും നാടകീയതയോടെ പറഞ്ഞു:
''സത്യവാന്പിള്ളയ്ക്ക് ജന്മം നല്കി യ മഹത്തായ ആ ഗര്‍ഭപാത്രം എന്നെന്നും വാഴ്ത്തപ്പെടട്ടെ.''
വള്ളം ചായക്കടയില്‍നിന്ന് ദൂരെയായിക്കഴിഞ്ഞു.
ചായക്കടയില്‍ തിരക്കു വര്‍ദ്ധിക്കുകയാണ്. സത്യവാന്പിള്ളയെ സഹായിക്കാന്‍ അഞ്ചു പെണ്മക്കളുണ്ട്്- പഞ്ചമഹാസുന്ദരികള്. എല്ലാവരും വിവാഹിതരാണ്. അവരുടെ ഭര്ത്താക്കന്മാരും ചായക്കടയിലുണ്ട്്. നല്ലവണ്ണം പാചകം അറിയാവുന്നവര്‍ക്കേ മക്കളെ കൊടുക്കൂവെന്ന് സത്യവാന്പിള്ളയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ചായക്കച്ചവടം സത്യവാന് പിള്ളയ്ക്ക് പാരമ്പര്യമായി കിട്ടിയതാണ്. അയാളുടെ അപ്പൂപ്പന്റെ കാലത്ത് നാടു ഭരിക്കുന്ന മഹാരാജാവ് ചായക്കടയില്‍ എഴുന്നള്ളിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
സത്യവാന്പിള്ള സത്യസന്ധനാണ്. കള്ളവും നെറികേടും കണ്ടേകൂടാ.
ആയിടെ മണ്‍പാത്രം ഉണ്ടാക്കുന്ന ഒരു യുവാവ് സത്യവാന്പിള്ളയെ കബളിപ്പിക്കാന്‍ തീരുമാനിച്ചു. അയാള്‍ മണ്ണോടുകൊï് ഒരു നാണയമുïാക്കി ചായക്കടയിലേക്ക് കേറിച്ചെന്നു. കള്ളനാണയം സത്യവാന്പിള്ളയുടെ നേരേ നീട്ടിക്കൊണ്ട്് അയാള്‍ പറഞ്ഞു:
''ഇതാ കാശ്... രണ്ടു ചൂടു കൊഴുക്കട്ട വരട്ടെ...''
നാണയം വാങ്ങിയപ്പോള്‍തന്നെ കള്ളത്തരം സത്യവാന്പിള്ളയ്ക്ക് മനസ്സിലായി. പക്ഷേ പുറമേ പ്രകടിപ്പിച്ചില്ല. കാശ് പെട്ടിയിലിട്ടിട്ട് സത്യവാന്പിള്ള പറഞ്ഞു:
''ഇരിക്കെടോ... ചൂടു കൊഴുക്കട്ട ഇപ്പോള്‍ ഉണ്ടാക്കിത്തരാം.''
സത്യവാന്പിള്ള അകത്തേക്കു പോയി. യുവാവ് സന്തോഷിച്ചു. നാണയം വാങ്ങി പെട്ടിയിലിട്ട സ്ഥിതിക്ക് അയാള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു.
ഒരു കള്ളച്ചിരിയോടെ അയാള്‍ ബഞ്ചിലിരിക്കുമ്പോള്‍ വാഴയിലയില്‍ രണ്ടു കൊഴുക്കട്ടയുമായി സത്യവാന്പിള്ള വന്നു. അതു വാങ്ങി വായിലേക്കിട്ടതും യുവാവ് ചാടിയെണീറ്റു:
''നിങ്ങളെന്താ കാണിച്ചത്? ഇത് മൊത്തം ചാമ്പലല്ലേ...''
സത്യവാന്പിള്ള ചിരിച്ചു:
''മണ്‍കാശിന് ചാമ്പല്‍ കൊഴുക്കട്ട.''
ചായക്കടയിലിരുന്നവരുടെ പൊട്ടിച്ചിരിയില്‍ പുഴയോളങ്ങളും ഇളകി.






