
ന്യൂഡല്‍ഹി: 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്‍സൂണ്‍ സീസണ് അവസാനിക്കുമ്പോള്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 1600ലധികമായതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ശരാശരി മഴയാണ് ജൂണ്‍ മാസത്തിലും സെപ്തംബര്‍ മാസത്തിനും ഇടയില്‍ ലഭിച്ചത്. ഏകദേശം 10 ശതമാനം കൂടുതല്‍ മഴ ഇക്കാലയളവില്‍ ലഭിച്ചു.
അതേസമയം ഒക്ടോബര്‍ ആദ്യവാരത്തോടെ മഴ പൂര്‍ണമായും ഒഴിയുമെന്നാണ് കരുതുന്നത്. സാധാരണ സംഭവിക്കാറുള്ളതിനേക്കാള്‍ ഒരുമാസം പിന്നിട്ടാണ് മഴ അവസാനിക്കുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും വെള്ളപ്പൊക്കക്കെടുതികള്‍ നിലനില്‍ക്കുന്നുണ്ട്. മഴ നീണ്ടു നിന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് ഏറ്റവും മോശമായി ബാധിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലുണ്ടായ ശക്തമായ മഴയില്‍ ഇതുവരെ 144 പേരാണ് ഉത്തര്‍പ്രദേശിലും ബിഹാറിലും മരിച്ചത്. ബിഹാറിന്റെ തലസ്ഥാനമായ പാട്നയില്‍ ഇനിയുമിറങ്ങാത്ത വെള്ളം ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഭക്ഷണ സാധനങ്ങളടക്കം അവശ്യസാധനങ്ങളുടെ ലഭ്യത അവിടെ പ്രശ്നമായിരിക്കുകയാണ്.
തിങ്കളാഴ്ച ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയേയും കുടുംബത്തേയും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും രക്ഷാ പ്രവര്‍ത്തകരെത്തി മാറ്റിയിരുന്നു. രക്ഷാ പ്രവര്‍ത്തനം പലയിടത്തും എത്തിയിട്ടില്ല. കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണ് അപകടങ്ങള്‍ വര്‍ധിക്കുകയാണ്.






