
കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം നടക്കാത്തതില്‍ മനംനൊന്ത് നിയമവിദ്യാര്‍ത്ഥിനി ജീവനൊടുക്കി. സെപ്റ്റംബര്‍ അഞ്ചിനാണ് 24 കാരിയായ നിയമവിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാര്‍ നടത്തിയ വെളിപ്പെടുത്തലാണ് മകളുടെ ആത്മഹത്യയ്ക്കു പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിച്ചിരിക്കുന്നത്.
പത്തു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കൊച്ചി സ്വദേശിനിയായ നിയമ വിദ്യാര്‍ത്ഥിനിയും വെല്‍ഡിങ് തൊഴിലാളിയുമായ യുവാവും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതാണെങ്കിലും മകളുടെ ആവശ്യത്തിനു മുന്നില്‍ വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. വിവാഹത്തിനു വേണ്ടി മതം മാറാന്‍ വരെ വീട്ടുകാര്‍ മകള്‍ക്ക് സമ്മതം നല്കി. എന്നാല്‍ വരന്റെ വീട്ടുകാര്‍ മുന്നോട്ടുവെച്ച സ്ത്രീധന ആവശ്യം പെണ്‍വീട്ടുകാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
വിവാഹത്തിനു മുമ്പായി രണ്ടര ലക്ഷവും 51 പവനുമാണ് വരന്റെ വീട്ടുകാര്‍ ആവശ്യശപ്പട്ടത്. എന്നാല്‍ ഈ ആവശ്യം താങ്ങാന്‍ കഴിയാതെ വന്നതോടെ വിവാഹം നടക്കില്ലെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞു. വിവാഹം ഉറപ്പിക്കുന്ന സമയത്ത് സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും തുടര്‍ന്ന് വിവാഹത്തിനു മുമ്പായി താങ്ങാന്‍ കഴിയാവുന്നതിനപ്പുറമുള്ള സ്ത്രീധനമാണ് ഒടുവില്‍ അവര്‍ മുന്നോട്ട് വെച്ചത്. ഇതോടെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിലെത്തിയതോടെ മകള്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ പറയുന്നു.
ആവശ്യപ്പെട്ട തുക ഞങ്ങള്‍ക്ക് തരാന്‍ കഴിയില്ലെന്ന് അവരോട് പറഞ്ഞപ്പോള്‍ ആവശ്യപ്പെട്ട സ്വര്‍ണവും പണവും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് വരന്റെ വീട്ടുകാര്‍ പറഞ്ഞപ്പോള്‍, വിവാഹം നടന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അവരുടെ മുന്നില്‍ വെച്ചു തന്നെ മകള്‍ പറഞ്ഞു. എന്നാല്‍ നീ പോയി ചാകെടി എന്നായിരുന്നു യുവാവിന്റെ മറുപടി..എന്നും അമ്മ മനസ് തകര്‍ന്ന് ഓര്‍ക്കുന്നു. കേസിലെ പ്രതിയായ പ്രജിനെ(29) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാകുറ്റം, സ്ത്രീധനം ആവശ്യപ്പെടല്‍,വഞ്ചനക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.






