
ന്യൂഡല്‍ഹി: ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരണമടഞ്ഞ സംഭവത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഡോ. കഫീല്‍ഖാനോട് മാപ്പു പറഞ്ഞ് ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍. ട്വിറ്ററില്‍ ഇട്ട കുറിപ്പിലൂടെയാണ് നടന് മാപ്പു പറഞ്ഞത്. എന്നാല്‍ തന്നോടൊപ്പം മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കളോടും പരേഷ് റാവല്‍ മാപ്പു പറയണമെന്ന് കഫീല്ഖാന് പറഞ്ഞു.
തെറ്റു പറ്റിയാല്‍ മാപ്പു പറയണമെന്നും അതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും പരേഷ്റാവല് കുറിച്ചു. ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ 50 ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. അന്വേഷണ സംഘം കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡോക്ടറെ കുറ്റവിമുക്തനാക്കിയത്. അവധിയില്‍ ആയിരുന്നിട്ടും അതുപേക്ഷിച്ചു പോലും കഫീല്ഖാന് ആശുപത്രിയില്‍ എത്തുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. 2017 ലെ സംഭവത്തില്‍ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ കഫീല്‍ഖാനെ വിമര്‍ശിച്ച് എത്തിയ അനേകരില്‍ പരേഷ് റാവലും ഉണ്ടായിരുന്നു. തന്നോട് ക്ഷമ പറഞ്ഞ നടനോട് കഫീല്ഖാന് നന്ദി പറഞ്ഞു. തന്നെ ഏറെ ബാധിച്ച വിഷയത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ച പരേഷ് റാവലിനോട് നന്ദി പറയുന്നതായും കുട്ടികളെ നഷ്ടമായ മാതാപിതാക്കളോടും നന്ദി പറയണമെന്നും കഫീല്ഖാന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം മനുഷ്യ നിര്‍മ്മിതി ആയിരുന്നെന്നും ഗ്യാസ് സിലിണ്ടര്‍ കുടിശ്ശിക സംബന്ധിച്ച് കമ്പനി പല തവണ നോട്ടീസ് അയച്ചിട്ടും അതിന് മറുപടി പറയാതിരുന്നവരാണ് സംഭവം ഉണ്ടാക്കിയതെന്നും കഫീല്ഖാന് ഒരു സ്വകാര്യ പരിപാടിയില്‍ പറഞ്ഞിരുന്നു.






