
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഹൈക്കോടതിയിലെ വിജിലന്‍സ് അഭിഭാഷകനു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഹൈക്കോടതിയിലേക്ക് പോകും വഴി അജ്ഞാത വാഹനം തുടര്‍ച്ചയായി തന്നെ പിന്തുടര്‍ന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. വിജിലന്‍സ് അഭിഭാഷകനായ എ. രാജേഷിനാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
തന്റെ വാഹനത്തെ രണ്ട് തവണ അജ്ഞാതര്‍ പിന്തുടര്‍ന്നെന്ന് ഇദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറുകളാണ് കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി നഗരത്തിലൂടെ സംശയാസ്പദമായ സാഹചര്യത്തില്‍ അഭിഭാഷകനെ പിന്തുടര്ന്നത്.
ഇതിനിടെ ടി.ഒ സൂരജ് അടക്കമുള്ള നാലുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 17 വരെ നീട്ടി. പാലം അഴിമതി സംബന്ധിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം കാര്യങ്ങളെല്ലാം വെളിപ്പെടുത്താമെന്നും മുന്‍ പൊതുമരാമത് സെക്രട്ടറി ടി.ഒ സൂരജ് പറഞ്ഞു.
ടി.ഒ സൂരജ് അടക്കം നാലു പ്രതികളും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടകി ഹര്‍ജി ഉത്തരവിനായി മാറ്റി. പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുന്‍പ് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യവുമായി എന്‍ജിനീയര്‍മാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.






