ഇടുക്കി: ഓട്ടോ ഡ്രൈവര്‍ നല്കിയ മദ്യം കലര്‍ന്ന ജ്യൂസ് കുടിച്ച വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു. മൂന്നാര്‍ സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് കുഴഞ്ഞുവീണത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ താങ്ങിയെടുത്തുവെങ്കിലും ബോധം തെളിഞ്ഞില്ല.
ഇതിനിടെ കുട്ടി മദ്യപിച്ചതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവം സ്കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിക്കുകയായിരുന്നു. അധികൃതര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മൂന്നാറില്‍ നിന്ന് സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥിനികളും സ്ഥിരം കയറുന്ന ഓട്ടോയിലാണ് സ്കൂളില്‍ എത്തിയത്.
ഇടയ്ക്ക് വച്ച് ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്കി. ജ്യൂസ് കുടിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസില്‍ എത്തിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം തോന്നിയെങ്കിലും അധ്യാപകരെ അറിയിച്ചില്ല. പതിനൊന്ന് മണിയോടെ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെയാണ് സംഭവം അധ്യാപകര്‍ അറിഞ്ഞത്.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ നല്കിയ പരാതിയില്‍ ദേവികുളം പോലീസ് ജെ.ജെ ആക്ട് പ്രകാരം ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതി ഒളിവിലാണ്.






