
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഷെയ്ഖ് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചര്‍ച്ചയായി.
2009ല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ബംഗ്ലാദേശില്‍ അധികാരത്തില്‍ വന്ന ഷെയ്ഖ് ഹസീന ഏറ്റവും കൂടുതല്‍ കാലം രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയാണ്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2011ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബംഗ്ലാദേശ് സന്ദര്‍ശിച്ചിട്ടുണ്ട്.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തിയിയിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മില്‍ സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്ത തീര നിരീക്ഷണ സംവിധാനം തുടങ്ങുന്നത് ഉള്‍പ്പെടെ ഏഴോളം കരാറുകളില്‍ ഒപ്പിട്ടു. ജല വിഭവം, യുവജനകാര്യം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് മറ്റ് കരാറുകള്‍.






