
നവാഗതനായ സക്കറിയ മുഹമ്മദ് സൗബിന് ഷാഹിറിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രത്തിലെ ‘സുഡാനി’ സാമുവല്‍ റോബിന്‍സണിന്റെ ആതമഹത്യ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്ന റോബിന്‍സണ്‍ അവസരങ്ങള്‍ കുറഞ്ഞതിനാല്‍ താന്‍ ആത്മഹത്യാ കുറിപ്പും കയറുമായി കാത്തിരിക്കുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്.
'സുഡാനി ഫ്രം നൈജീരിയ' മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ പശ്ചാത്തലമാക്കിയാണ് സിനിമ അണിയിച്ചൊരുക്കിയത്. നൈജീരിയകാരനായ ഫുട്ബോള്‍ കളിക്കാരന്റെ വേഷമാണ് സിനിമയില്‍ സാമുവല്‍ അവതരിപ്പിച്ചത്. ചിത്രം ഏറ്റെടുത്ത പോലെ തന്നെ മലയാളികള്‍ നൈജീരിയന്‍ താരത്തെയും സ്വീകരിച്ചിരുന്നു. പിന്നീട് സാമുവലിന് സിനിമയില്‍ പിന്നീട് നല്ല അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. ബോളിവുഡില്‍ നിന്നും തമിഴില്‍ നിന്നും അവസരങ്ങള്‍ വന്നെങ്കിലൂം പ്രൊജക്ടുകള്‍ പല കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ വിഷാദം ബാധിച്ചെന്നും ആത്മഹത്യയെ കുറിച്ചു വരെ ചിന്തിക്കുന്നതായും താരം കുറിച്ചിട്ടുണ്ട്. സാമുവലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മലയാളത്തില്‍ ഉള്‍പ്പെടെ കമന്റ് വരുന്നുണ്ട്.
സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിങ്ങനെ...
‘‘ഇന്ന് ഞാന്‍ അഭിനയത്തില്‍ നിന്നും വിരമിക്കുന്നു. ഈ കഴിഞ്ഞ വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമാണ്, ഞാന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായി. കയറും ആത്മഹത്യാ കുറിപ്പും എല്ലാം ഞാന്‍ തയ്യാറാക്കി വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ എന്നെത്തയും അവസാന ഫോട്ടോയാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഈ വഴി എന്റെ തെരഞ്ഞെടുപ്പായിരുന്നു.
കഴിഞ്ഞ വര്‍ഷം രാജ്കുമാര് സന്തോഷി വഴി ബോളിവുഡില്‍ നിന്നും എ.ഐ.ബിയില്‍ നിന്നും ഓഫറുകള്‍ ലഭിച്ചു. സന്തോഷി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിംഗ് നായകനായ ചിത്രം നിര്‍മാതാക്കള്‍ ഉപേക്ഷിച്ചു, സംവിധായകന് നേരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് എ.ഐ.ബി പ്രൊജക്ടും നഷ്ടപ്പെട്ടു. തമിഴ് പ്രൊജക്ട് അത്ര നല്ലതായി തോന്നിയില്ല. കമ്പനിയുടെ ലൈസന്‍സ് അവസാന നിമിഷം നഷ്ടപ്പെട്ടതിനാല്‍ എന്റെ ബ്രാന്‍ഡ് പരസ്യവും നഷ്ടമായി. ആ സമയത്ത് ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ആതമഹത്യാ കുറിപ്പ് തയ്യാറാക്കുന്നതും. പക്ഷെ ഞാനത് ചെയ്തില്ല. അവസാന നിമിഷം എന്നോട് സംസാരിക്കാന്‍ തയ്യാറായ എന്റെ സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.’’






