
തിരുവനന്തപുരം: ജല അതോറിറ്റി എം.ഡി. സ്ഥാനം തര്‍ക്കത്തിലേക്ക്. ഐ.എ.എസുകാരില്നിന്ന് ഈ സ്ഥാനം പിടിച്ചെടുക്കാന്‍ അതോറിറ്റിയിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയതോടെ ഇക്കാര്യത്തില്‍ മന്ത്രിതലത്തില്‍ അഭിപ്രായഭിന്നതയും രൂക്ഷമായി.
മുന്കാലത്തിലേതുപോലെ എം.ഡി. സ്ഥാനം എന്‍ജിനിയര്‍മാര്‍ക്കു നല്‍കണമെന്നു വകുപ്പ് മന്ത്രി ആഗ്രഹിക്കുമ്പോള്‍ മുഖ്യമന്ത്രി ഇതിന് എതിരാണെന്നാണ് സൂചന. ജലഅതോറിറ്റിയുടെ ഭരണം ഐ.എ.എസുകാര്‍ തന്നെ നടത്തിയാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതോറിറ്റിയുടെ സാമ്പത്തികാസൂത്രണം നടത്താന്‍ ബന്ധപ്പെട്ടവരില്ലാതായിട്ടു വര്‍ഷങ്ങളായിട്ടും ഇതുവരെ അതു നികത്താന്‍ തയാറാകാത്തവരാണ് ഇപ്പോള്‍ എം.ഡി. സ്ഥാനത്തിന്റെ പേരില്‍ രംഗത്തുവന്നിരിക്കുന്നത്.
ഒരു ദശകത്തിന് മുമ്പ് കൈവിട്ടുപോയ എം.ഡി. സ്ഥാനം തിരിച്ചുപിടിക്കാന്‍ അതോറിറ്റിയിലെ എന്‍ജിനീയര്‍മാരുടെ ഒരു വിഭാഗം നീക്കം ശക്തമാക്കിയതിനിടയിലാണ് തര്‍ക്കവും രൂക്ഷമായത്. ചില ഉന്നതര്‍ അതോറിറ്റിയിലെ ഒരു വിഭാഗത്തെ കൂട്ടുപിടിച്ചാണ് എം.ഡി സ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്നത്. എന്നാല്‍ എന്‍ജിനിയര്‍മാരില്‍ തന്നെ നല്ലൊരുവിഭാഗത്തിന് ഇതിനോടു യോജിപ്പില്ല.
എം.ഡി. സ്ഥാനം ആഗ്രഹിക്കുന്നവര്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ സമീപിച്ച് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമെ മെട്രോമാന് ഇ. ശ്രീധരനെകൊണ്ട് തങ്ങള്‍ക്ക് അനുകൂലമായി പ്രസ്താവനയും ഇറക്കി. ഇതോടെയാണ് മന്ത്രി എന്‍ജിനിയര്‍മാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിക്കു പുറമേ, അതോറിറ്റിയിലെ സി.ഐ.ടി.യു യൂണിയനും ഈ നീക്കത്തിന് എതിരാണ്.
നേരത്തെ എന്ജിനിയര്മാര്ക്കിടയിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് അതോറിറ്റിയുടെ എം.ഡി. സ്ഥാനം ഐ.എ.എസുകാരിലേക്കു പോയത്. 2010നു മുമ്പുവരെ എം.ഡിയായി മുതിര്‍ന്ന എന്‍ജിനിയര്‍മാരെയാണ് നിയമിച്ചിരുന്നത്. എന്നാല്‍ അന്ന് എം.ഡിയായിരുന്ന മോഹന്‍ലാലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തോട് ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതോടെ അദ്ദേഹത്തെ മാറ്റി സൂസന് ജേക്കബിനെ നിയമിച്ചു.
എന്നാല്‍ ഇവര്‍ക്ക് സിനീയോരിറ്റിയും പരിചയവുമില്ലെന്ന് ആരോപിച്ചുകൊണ്ട് എന്‍ജിനിയര്‍മാരില്‍ തര്‍ക്കം രൂക്ഷമായി. തുടര്‍ന്നാണ് കഴിഞ്ഞ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് അന്ന് ജലനിധിയുടെ ചുമതലയുണ്ടായിരുന്ന ഡോ: വി.കെ. ബേബിയെ ജലഅതോറിറ്റി എം.ഡിയായി നിയമിച്ചത്. പിന്നീട് അത് തുടരുകയായിരുന്നു. ജലഅതോറിറ്റിയുടെ ഭരണനിര്വഹിക്കുന്ന ബോര്‍ഡില്‍ നാല് അംഗങ്ങളാണുള്ളത്. അതില്‍ സാങ്കേതികാംഗവും ധനകാര്യ അംഗവുമുണ്ട്.
അ േസമയം, ഭരണം നടത്തേണ്ടുന്ന ഈ ബോര്‍ഡില്‍ ജലഅതോറിറ്റിയുടെ സാമ്പത്തികകാര്യങ്ങള്‍ നിയന്ത്രിക്കുകയും ടെന്‍ഡര്‍ നടപടികള്‍ സുതാര്യമാക്കുകയും ചെയ്യേണ്ട അക്കൗണ്ട്സ് അംഗം ഇല്ലാതായിട്ട് വര്‍ഷം ഏഴായി. ഇത് നികത്താന്‍ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍നിന്നുള്ള അംഗങ്ങളാണ് അക്കൗണ്ടസ് അംഗമായി ബോര്‍ഡില്‍ വരുന്നത്.
ഫിനാന്‍സ് മാനേജര്‍ ആന്‍ഡ് ചീഫ് അക്കൗണ്ടന്റ് ഓഫീസര്‍ തസ്തികകളും വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ടെന്‍ഡര്‍ നടപടികളില്‍ വന്‍ വെട്ടിപ്പിനും തട്ടിപ്പിനും വഴിവയ്ക്കുന്നുമുണ്ട്. ചില സ്വകാര്യ കമ്പനികളാണ് ഇപ്പോള്‍ ആഭ്യന്തര ധനകാര്യ പരിശോധന നടത്തുന്നത്.
ആര്. സുരേഷ്






