
ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ മൂന്നുദിവസം നീണ്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന് പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) ഇവര്‍ക്ക് നോട്ടീസ് നല്കി.
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനായിരുന്ന എസ്. അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായ എസ്. സന്ദീപ്, വി.വി. വിപിന്‍, ആര്. അരുണ്‍, ഷൈജു എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്കും ഒന്നിച്ചിരുത്തിയും ചോദ്യംചെയ്തു. ചോദ്യംചെയ്യലിനോടു പൂര്‍ണമായി സഹകരിച്ചെന്നും സത്യങ്ങളെല്ലാം പറഞ്ഞെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.
ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടെ മുന്‍കൂര്‍ ജാമ്യവ്യവസ്ഥപ്രകാരം തുടര്‍ച്ചയായ മൂന്നുദിവസമാണ് പ്രതികള്‍ ആലപ്പുഴ ൈക്രംബ്രാഞ്ച് ഓഫീസില്‍ എസ്.ഐ.ടിക്കു മുന്നില്‍ ഹാജരായത്. തുടര്‍ന്ന്, അറസ്റ്റ് രേഖപ്പെടുത്താതെ, ക്രിമിനല്‍ നടപടിക്രമങ്ങളിലെ വകുപ്പ് 41എ പ്രകാരം നോട്ടീസ് നല്കി വിട്ടയച്ചു.
പോലീസിന് അനുവദിച്ചിട്ടുള്ള ലാത്തിയേക്കാള്‍ നീളമുള്ള വടിയാണ് മര്‍ദിക്കാന്‍ ഉപയോഗിച്ചതെന്ന് എസ്.ഐ.ടി. കണ്ടെത്തിയിരുന്നു. അത് എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തിന് പ്രതികള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനുശേഷം ലാത്തി തിരികെ ഓഫീസില്‍ ഏല്‍പ്പിച്ചെന്നാണ് പ്രതികളുടെ മൊഴി. കൂടുതല്‍ വിവരശേഖരണത്തിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് എസ്.ഐ.ടി. തീരുമാനം. തെളിവ് ശേഖരണത്തിനുശേഷം അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്കു കൈമാറും. ആലപ്പുഴ ൈക്രംബ്രാഞ്ച് എസ്.പി: എ.പി. ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി സ്ഥലംമാറ്റിയെങ്കിലും അദ്ദേഹം എസ്.ഐ.ടി. തലപ്പത്ത് തുടരുമെന്നാണ് സൂചന.






