
പൂനെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് 326 റണ്‍സിന്റെ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറായ 601 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 275 റണ്‍സിനു പുറത്താകുകയായിരുന്നു. എട്ടിന് 162 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഒമ്പതാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത കേശവ് മഹാരാജ്-വെര്‍നോണ്‍ ഫിലാണ്ടര്‍ സഖ്യമാണ് കരകയറ്റിയത്.
132 പന്തുകള്‍ നേരിട്ട കേശവ് മഹാരാജ് 12 ബൗണ്ടറികളടക്കം 72 റണ്‍സെടുത്തു. ഫിലാണ്ടര്‍ 192 പന്തില്‍ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പേസര്‍മാരും സ്പിന്നര്‍മാരും ഒരേ പോലെ ബാറ്റ്സ്നമാമാരെ വരിഞ്ഞുമുറുക്കിയപ്പോള്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ഭീഷണിയിലാണ്. അവസാനമായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന്റെ വിക്കറ്റും വീണതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ക്കും അസ്തമമായി.
117 പന്തില്‍ ഒന്‍പത് ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 64 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിന്റെ വിക്കറ്റ് രവിചന്ദ്രന്‍ അശ്വിനാണ് വീഴ്ത്തിയത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിവസം ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് പുന:രാരംഭിച്ചത്. നൈറ്റ് വാച്ച്മാന് ആന്റിച്ച് നോര്‍ജെ(മൂന്ന്്), ത്യൂനീസ് ഡി ബ്രൂയിന്(30), ക്വിന്റന്‍ ഡി കോക്ക് (31) സെനുരന്‍ മുത്തുസ്വാമി(ഏഴ്) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായിആര്.അശ്വിന് നാലു വിക്കറ്റും ഉമേഷ് യാദവ് മൂന്ന് വിക്കറ്റും മൊഹമ്മദ് ഷമിരണ്ടു വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
നായകന് വിരാട് കോഹ്ലിയുടെ ഇരട്ടസെഞ്ചുറിയുടെ മികവില്‍ ഒന്നാമിന്നിങ്സില്‍ കൂറ്റന്‍ സ്കോര്‍ നേടിയ ആതിഥേയര്‍ രണ്ടാം ദിനം കളിനിര്‍ത്തും മുമ്പേ ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകള്‍ പിഴുത് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.പുനെയില്‍ നടക്കുന്ന മത്സരത്തില്‍ നായകന് കോഹ്ലി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന കൂറ്റന്‍ സ്കോറിലാണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്.
ടെസ്റ്റ് കരിയറില്‍ തന്റെ ഏഴാം ഇരട്ടസെഞ്ചുറി നേടിയ കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. 336 പന്തില്‍ രണ്ടു സിക്സറുകളും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ ഇന്ത്യന്‍ നായകന് പുറത്താകാതെ നിന്നു.
ടെസ്റ്റില്‍ കോഹ്ലിയുടെ ഉയര്‍ന്ന സ്കോറാണിത്. നായകനായ ശേഷമുള്ള 50 ടെസ്റ്റ് മത്സരം ഇതോടെ അവിസ്മരണീയമാക്കാനും കോഹ്ലിക്കായി. കൂടാതെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. ആറു വീതം ഇരട്ട സെഞ്ചുറികള്‍ നേടിയ സച്ചിന് തെണ്ടുല്‍ക്കറുടെയും വിരേന്ദര്‍ സേവാഗിന്റെയും റെക്കോഡാണ് കോഹ്ലി തകര്‍ത്തത്. ടെസ്റ്റ് കരിയറില്‍ 7000 റണ്‍സ് തികയ്ക്കാനും കോഹ്ലിക്കായി.
ബാറ്റിങ്ങിനിടെ 150 റണ്‍സ് പിന്നിട്ടതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 150ന് മുകളില്‍ സ്കോര്‍ ചെയ്ത താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ഇത് ഒമ്പതാം തവണയാണ് കോലി 150 റണ്‍സ് പിന്നിടുന്നത്. എട്ടു തവണ ഈ നേട്ടം സ്വന്തമാക്കിയ ബ്രാഡ്മാന്റെ പേരിലായിരുന്നു റെക്കോഡ്. കോഹ്ലിക്കു പുറമേ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു രണ്ടാം ദിനം ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റ്സ്മാന്. 104 പന്തില്‍ രണ്ടു സിക്സും എട്ടു ബൗണ്ടറികളുമായി 91 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അഞ്ചാം വിക്കറ്റില്‍ കോഹ്ലിജഡേജ സഖ്യം കൂട്ടിച്ചേര്‍ത്ത 225 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ 600 കടത്തിയത്.
59 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നാലാം വിക്കറ്റില്‍ കോഹ്ലിക്കൊപ്പം 178 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്. നേരത്തെ ഒന്നാം ദിനം സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളാണ് (108) ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. ചേതേശ്വര്‍ പൂജാര 58 റണ്‍സെടുത്തു.രോഹിത് ശര്‍മ 14 റണ്‍സെടുത്ത് പുറത്തായിരുന്നു. തുടര്‍ന്നു മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കു തുടക്കത്തിലേ തിരിച്ചടിയേറ്റു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് അവര്‍ ഇന്നലെ കളി അവസാനിപ്പിച്ചത്. ഡീന്‍ എല്‍ഗാര്‍ (6), എയ്ഡന്‍ മാര്‍ക്രം (0), തെംബ ബാവ്മ (8) എന്നിവരാണ് പുറത്തായത്.






